മാലിയ്ക്കുള്ള സഹായം ഇന്ത്യ മരവിപ്പിച്ചു

single-img
3 December 2012

ഇന്ത്യന്‍ കമ്പനിയായ ജിഎംആര്‍ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനു നല്‍കിയ വിമാനത്താവള നടത്തിപ്പു കരാര്‍ റദ്ദാക്കാനുള്ള തീരുമാനത്തില്‍ മാലിദ്വീപ് ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിക്കുന്നു. ഇതേത്തുടര്‍ന്ന് മാലിദ്വീപിനുള്ള വാര്‍ഷിക ധനസഹായമായ 2.5 കോടി ഡോളര്‍ മരവിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. മാലിയുടെ തീരുമാനം ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തെ മോശമായി ബാധിക്കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. കരാര്‍ സംബന്ധിച്ച മാലിയുടെ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റംവരുമോയെന്ന് കാത്തിരിക്കുകയാണ് ഇന്ത്യ. വിട്ടുവീഴ്ചയ്ക്കു തയാറാകാത്തിടത്തോളം കാലം സഹായം മരവിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 500 മില്യണ്‍ ഡോളറിന്റെ നടത്തിപ്പുകരാറാണ് മാലിദ്വീപ് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച റദ്ദാക്കിയത്. ഇതിനെതിരെ ഇന്ത്യ അന്നുതന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെ കരാര്‍ റദ്ദാക്കാനുള്ള മാലിദ്വീപിന്റെ തീരുമാനം സിംഗപ്പൂര്‍ ഹൈക്കോടതി സ്റ്റേ ചെയ്തതു ഇന്ത്യയ്ക്കു അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്റ്റേ ചെയ്യാനുള്ള അധികാരം സിംഗപ്പൂര്‍ കോടതിയ്ക്കു ഇല്ലെന്നാണ് മാലി സര്‍ക്കാരിന്റെ നിലപാട്. മധ്യസ്ഥശ്രമങ്ങള്‍ തുടരുമെന്ന് ജിഎംആര്‍ പ്രതിനിധി പറഞ്ഞു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനത്തിനു കൈമാറാനാണ് മാലിയുടെ തീരുമാനം.