ശബരിമലയില്‍ ബാലവേല; ഒരാള്‍ അറസ്റ്റില്‍

single-img
30 November 2012

പത്തു വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവന്നു സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര കേന്ദ്രങ്ങളിലും കഠിനജോലി ചെയ്യിപ്പിക്കുന്ന സംഘത്തിനെത്തേടി പോലീസ് തമിഴ്‌നാട്ടിലേക്ക്. മാളികപ്പുറത്തു കാസറ്റുകളും പുസ്തകങ്ങളും വില്‍ക്കുന്ന കടകളില്‍ നിന്നാണു തമിഴ്‌നാട് തേനി സ്വദേശിയായ ഒമ്പതു വയസുകാരന്‍ ബാലനെ വ്യാഴാഴ്ച രാത്രി സന്നിധാനം എസ്‌ഐ ബി.വിനോദ്കുമാര്‍ മോചിപ്പിച്ചത്.

മോചിപ്പിച്ച കുട്ടിയെ പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കുട്ടിയെക്കൊണ്ട് അമിതമായി ജോലി ചെയ്യിപ്പിച്ചിരുന്ന കടയുടെ മാനേജര്‍ പളനി വെസ്റ്റ് ദേവനഗര്‍ സ്വദേശി ശിവകുമാര്‍ (42)നെ പോലീസ് അറസ്റ്റു ചെയ്തു. അയ്യപ്പന്റെ സ്റ്റിക്കറുകളും ചിത്രങ്ങളും കുട്ടിയെക്കൊണ്ടാണു വിറ്റഴിച്ചിരുന്നത്. ഒരു രൂപപോലും പ്രതിഫലമായി നല്‍കുമായിരുന്നില്ല. മൂന്നുനേരം ഭക്ഷണം മാത്രം. രാത്രിയില്‍ ഉറങ്ങാന്‍പോലും അനുവദിക്കാതെ ഇരുപത്തിനാലു മണിക്കൂറും കുട്ടിയെക്കൊണ്ടു ജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.