കാര്‍ബോംബ്: സിറിയയില്‍ 54 പേര്‍ കൊല്ലപ്പെട്ടു

single-img
29 November 2012

സിറിയയിലെ ജര്‍മാന പട്ടണത്തില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 54 പേര്‍ കൊല്ലപ്പെട്ടു. 120 പേര്‍ക്ക് പരിക്കേറ്റതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. കാര്‍ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ രണ്ടു ചെറുസ്‌ഫോടനങ്ങളും ഉണ്ടായി. ഭീകരര്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ക്കു ജീവഹാനി നേരിട്ടെന്ന് സിറിയന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ സനാ പറഞ്ഞു. വിമതരെയാണ് സിറിയന്‍ ഭരണകൂടം ഭീകരരെന്നു വിശേഷിപ്പിക്കുന്നത്. ക്രൈസ്തവരും ഡ്രൂസുകളും തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ന്യൂനപക്ഷങ്ങളെ വിമതര്‍ക്ക് എതിരേ തിരിക്കാന്‍ സൈന്യം ആസൂത്രണം ചെയ്തതാണ് സ്‌ഫോടനങ്ങളെന്നു വിമതരുടെ വക്താവ് ആരോപിച്ചു. പ്രസിഡന്റ് അസാദിനോടു കൂറുപുലര്‍ത്തുന്ന പ്രദേശമാണ് ജര്‍മാനയെന്നും സ്‌ഫോടനത്തിനു മുമ്പ് സര്‍ക്കാര്‍ സൈനികരും വിമതരും തമ്മില്‍ സംഘട്ടനങ്ങള്‍ നടന്നെന്നും ബിബിസി റിപ്പോര്‍ട്ടു ചെയ്തു.