റിക്കി പോണ്ടിംഗ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

single-img
29 November 2012

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാളെ ആരംഭിക്കുന്ന മൂന്നാംടെസ്റ്റ് തന്റെ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് റിക്കി പോണ്ടിംഗ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിരമിക്കാന്‍ സെലക്ടര്‍മാരുടെ നിര്‍ബന്ധമില്ലായിരുന്നുവെന്നും തന്റെ സ്വന്തം തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചു. തന്റെ ഇഷ്ടമനുസരിച്ച് ടീമിന് പുറത്തുപോകാന്‍ കഴിഞ്ഞതിലും സന്തോഷമുണ്‌ടെന്ന് പോണ്ടിംഗ് പറഞ്ഞു. തീരുമാനം ഏറെ കടുപ്പമേറിയതായിരുന്നുവെന്ന് വ്യക്തമാക്കിയ പോണ്ടിംഗ് ദീര്‍ഘകാലത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിലവിലെ പരമ്പരയിലെ മൂന്ന് ഇന്നിംഗ്‌സുകളില്‍ റിക്കി തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. 20 റണ്‍സ് മാത്രമായിരുന്നു റിക്കിക്ക് കണ്‌ടെത്താനായത്. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ രണ്ട് തവണയും അദ്ദേഹം ബൗള്‍ഡാകുകയും ചെയ്തു. തനിക്ക് റണ്‍ കണ്‌ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജൂലൈയില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ഉണ്ടാകില്ലെന്ന് അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്‍പ് പോണ്ടിംഗ് സൂചന നല്‍കിയിരുന്നു.