ചക്കുളത്തുകാവില്‍ ഭക്തലക്ഷങ്ങളുടെ പൊങ്കാല

single-img
28 November 2012

ദേവീദര്‍ശനത്തിലൂടെ നേടിയ അനുഗ്രഹത്തിന്റെ നിര്‍വൃതിയില്‍ ചക്കുളത്തുകാവില്‍ ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു. സ്ത്രീകളുടെ ശബരിമലയെന്നു പ്രസിദ്ധി നേടിയ നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെയാണ് പൊങ്കാല അര്‍പ്പിച്ചത്. കേരളത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ പൊങ്കാലയില്‍ പങ്കെടുത്തു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും നിരവധിയാളുകള്‍ പൊങ്കാലയ്ക്കായി എത്തിയിരുന്നു. ചക്കുളത്തുകാവ് മുതല്‍ തിരുവല്ലാ മുത്തൂര്‍ ജംഗ്ഷന്‍, തകഴി പാലം, ചെങ്ങന്നൂര്‍ വരെയും പൊങ്കാല അടുപ്പുകള്‍ നിരന്നു. പ്രധാന റോഡുകളെ കൂടാതെ എടത്വ-വീയപുരം, എടത്വ-കിടങ്ങറ, എടത്വ-തായംകരി, നീരേറ്റുപുറം-കിടങ്ങറ റോഡുകളിലും പൊങ്കല ഇടുന്നതിനുള്ള ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായിരുന്നു.ഇന്നലെ പുലര്‍ച്ചെ 3.30 ന് നിര്‍മ്മാല്യദര്‍ശനത്തിന് ശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ഥനയോടെ പൊങ്കാലയ്ക്കു തുടക്കമായി. കേന്ദ്ര തൊഴില്‍സഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉത്ഘാടനം ചെയ്തു. വിശിഷ്ട അഥിതിയായി ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് എത്തിയിരുന്നു. വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.