യാസര്‍ അരാഫത്തിന്റെ മൃതദേഹം കബറിടത്തില്‍ നിന്നു പുറത്തെടുത്തു

single-img
27 November 2012

പലസ്തീന്‍ നേതാവായിരുന്ന യാസര്‍ അരാഫത്തിന്റെ മൃതദേഹം കബറിടത്തില്‍ നിന്നു പുറത്തെടുത്തു. അരാഫത്ത് മരിച്ചത് വിഷപ്രയോഗം മൂലമാണെന്ന ആരോപണത്തെത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്. റഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സാന്നിധ്യത്തില്‍ അരാഫത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയുടെ തലവന്‍ തൗഫീഖ് തിറാവിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം പുറത്തെടുത്തത്. ശാസ്ത്രീയ പരിശോധനകള്‍ക്കായാണ് അന്താരാഷ്ട്ര വിദഗ്ധരുടെ സേവനം തേടിയിരിക്കുന്നത്. പരിശോധനയ്ക്കാവശ്യമായ വസ്തുക്കള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ വീണ്ടും സംസ്‌കരിക്കും. പരിശോധനാഫലമറിയാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് പലസ്തീനിയന്‍ അധികൃതര്‍ അറിയിച്ചു. 2004 നവംബറില്‍ പാരീസിലെ സൈനിക ആശുപത്രിയിലായിരുന്നു അരാഫത്തിന്റെ അന്ത്യം. വിദഗ്ധ ചികിത്സയ്ക്കായി രമല്ലയില്‍നിന്ന് അദ്ദേഹത്തെ പാരീസിലെത്തിക്കുകയായിരുന്നു. അരാഫത്തിനെ ഇസ്രേലികള്‍ വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. അദ്ദേഹത്തിന്റെ വസ്ത്രത്തിലും മറ്റും റേഡിയോ ആക്ടീവ് പൊളോണിയം കണെ്ടത്തിയതാണ് ആരോപണം ബലപ്പെടുത്തുന്നത്.