അഞ്ചേരി ബേബി വധം: കൈനേരി കുട്ടനും ഒ. ജി മദനനും അറസ്റ്റില്‍

single-img
27 November 2012

അഞ്ചേരി ബേബി വധക്കേസില്‍ ഒന്നാം പ്രതിയായ കൈനേരി കുട്ടന്‍ എന്ന കുട്ടപ്പന്‍ (52), മൂന്നാം പ്രതിയായ ഒ.ജി മദനന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം ദേവികുളം പോലീസാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. രാവിലെ 7.10 ഓടെ ഉടുമ്പന്‍ചോലയിലെ വീട്ടില്‍ നിന്നാണ് കുട്ടനെ ദേവികുളം സിഐ നിഷാ ജോണ്‍സണ്‍ അറസ്റ്റ്‌ചെയ്തത്. ഒന്‍പതു മണിയോടെ ശാന്തന്‍പാറയിലുള്ള മദനന്റെ വീട്ടിലെത്തിയ പോലീസ് സംഘം ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയുമായ എം.എം മണിയെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മദനനെയും കൈനേരി കുട്ടനെയും അറസ്റ്റ് ചെയ്തത്. ശാന്തന്‍പാറ പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്ന ഇരുവരെയും പിന്നീട് കട്ടപ്പന കോടതിയില്‍ ഹാജരാക്കും. അഞ്ചേരി ബേബി വധക്കേസ് അന്വേഷിക്കുന്ന സംഘം നടത്തിയ അന്വേഷണത്തില്‍ കുട്ടനു കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്‌ടെന്ന് കണ്‌ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ സംഘം കുട്ടനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഇതുവരെ കുട്ടനെ പോലീസ് വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യലിനായി കുട്ടനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും.