യുഡിഎഫ് മന്ത്രിമാര്‍ കുടികിടപ്പുകാരല്ലെന്ന് കെ.സി.ജോസഫ്

single-img
26 November 2012

കേന്ദ്രമന്ത്രി ജയറാം രമേശിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.സി.ജോസഫ് രംഗത്തെത്തി. കേരളത്തിലെ യുഡിഎഫ് മന്ത്രിമാര്‍ ജയറാം രമേശിന്റെ കുടികിടപ്പുകാരല്ലെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രഫണ്ട് കുടുംബശ്രീക്ക് മാത്രമേ നല്‍കൂ എന്ന ജയറാം രമേശിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പരിഗണിക്കുന്നില്ല. ജയറാം രമേശിനെ നയിക്കുന്നത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും കെ.സി.ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേന്ദ്രഫണ്ട് കുടുംബശ്രീക്ക് മാത്രമേ നല്‍കൂ എന്ന് ജയറാം രമേശ് പറഞ്ഞത്. ശ്രീ എന്ന് പേരുള്ള എല്ലാ സംഘടനകള്‍ക്കും കേന്ദ്രഫണ്ട് നല്‍കാന്‍ കഴിയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജനശ്രീക്ക് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രഫണ്ട് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്.