പത്തുരൂപ നോട്ടിനു പകരം പൂര്‍ണമായും നാണയമാക്കും

single-img
24 November 2012

അടുത്ത പത്തുമാസത്തിനുള്ളില്‍ രാജ്യത്ത് പുതിയ പത്തുരൂപ കറന്‍സി നോട്ടുകള്‍ക്കു പകരം അതിന്റെ നാണയമായിരിക്കും വരാന്‍ പോകുന്നത്. 2006 മുതല്‍ പത്തുരൂപ നാണയം ഇറക്കിയിരുന്നുവെങ്കിലും അതു വിപുലമാക്കിയിരുന്നില്ല. എന്നാല്‍ വരുംമാസങ്ങള്‍ക്കുള്ളില്‍ പത്തുരൂപ നാണയം വ്യാപകമാക്കാനാണു റിസര്‍വ് ബാങ്കിന്റെ തീരുമാനമെന്നു ധനസഹമന്ത്രി നമോ നാരായണ്‍ മീണ ലോക്‌സഭയില്‍ അറിയിച്ചു. പത്തുരൂപ നോട്ടിന്റെ ശരാശരി ആയുസ് പത്തുമാസം വരെയാണ്. ഒരു നോട്ടടിക്കാനുള്ള ചെലവ് 96 പൈസവരും. എന്നാല്‍ നാണയത്തിന് 6.10 രൂപയാണു ചെലവ്. കറന്‍സി നോട്ടിന്റെ കുറഞ്ഞ ആയുസ് കണക്കിലെടുത്താണ് നാണയം ഇറക്കാന്‍ തീരുമാനിച്ചത്. ഇതു കൂടാതെ പത്തുരൂപയുടെ പത്തുലക്ഷം പോളിമര്‍, പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കും. കറന്‍സി അച്ചടിയുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടിയെന്നു ധനമന്ത്രി പി. ചിദംബരം പറഞ്ഞു.