അനധികൃത സ്വത്ത്: വെള്ളാപ്പള്ളി നടേശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

single-img
23 November 2012

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ആലപ്പുഴ അരൂരുള്ള ജെഎസ്എസിന്റെ മണ്ഡലം സെക്രട്ടറി സിപി ബാബു നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. നാല് മാസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മകന്റെയും മകളുടെയും പേരില്‍ 35 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കിട ഹോട്ടലുകള്‍ വെള്ളാപ്പള്ളി വാങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു. ആഢംബര ഫ്‌ളാറ്റുകളും സ്ഥലവും വെള്ളാപ്പള്ളി വാങ്ങിയിട്ടുണ്‌ടെന്നും എസ്എന്‍ഡിപി യോഗത്തിന്റെ പണവും ഇതിനായി ദുരുപയോഗം ചെയ്തിട്ടുണ്‌ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇടപാടുകളുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പില്‍ നിന്നുള്ള ചില രേഖകളും പരാതിക്കാരന്‍ ഹര്‍ജിക്കൊപ്പം ഹാജരാക്കിയിരുന്നു.

അന്വേഷണം വരട്ടെയെന്നും നിരപരാധിത്വം തെളിയിക്കുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ആര്‍ക്കു വേണമെങ്കിലും വിജിലന്‍സ് കോടതിയില്‍ കേസ് നല്‍കാനുള്ള അധികാരമുണ്‌ടെന്നും തുടര്‍നടപടികള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ പരാതി നല്‍കിയത് പ്രാദേശിക നേതാവ് മാത്രമല്ലെന്നും പിന്നില്‍ വന്‍തോക്കുകളുണ്‌ടെന്നും നിരപരാധിത്വം തെളിയിച്ച ശേഷം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.