ശബരിമല ഉണ്ണിയപ്പത്തിലെ പൂപ്പല്‍: രണ്ടുലക്ഷം കവര്‍ അപ്പം നശിപ്പിച്ചു

single-img
23 November 2012

ശബരിമലയില്‍ പ്രസാദമായി നല്കുന്ന ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ കണ്ടതിനേത്തുടര്‍ന്നു കരുതല്‍ ശേഖരമായി വച്ചിരുന്ന രണ്ടുലക്ഷത്തോളം കവറിലെ അപ്പം നശിപ്പിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം മാത്രമേ അപ്പം ഉത്പാദിപ്പിക്കുകയുള്ളൂവെന്നും അതാതു ദിവസങ്ങളില്‍ ഉണ്ടാക്കുന്ന അപ്പം മാത്രമേ തീര്‍ഥാടകര്‍ക്കു നല്കുകയുള്ളൂവെന്നും ദേവസ്വം കമ്മീഷണര്‍ എന്‍. വാസു ദീപികയോടു പറഞ്ഞു. അപ്പം വിതരണത്തിനു താത്കാലികമായി നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു പായ്ക്കറ്റ് അപ്പം മാത്രമാണ് ഇന്നലെ പുലര്‍ച്ചെ തീര്‍ഥാടകര്‍ക്കു നല്കിയത്. വ്യാഴാഴ്ച രാത്രിയാണു പൂപ്പല്‍ ബാധിച്ച അപ്പം തീര്‍ഥാടകര്‍ക്കു ലഭിച്ചത്. എന്നാല്‍, അപ്പം ഉത്പാദിപ്പിക്കുന്നതിനു കരാറെടുത്ത നാലുപേര്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ബാക്കിപത്രമാണു പൂപ്പല്‍ബാധയെന്നും പറയപ്പെടുന്നു. ഇതേപ്പറ്റിയും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അപ്പം ഉത്പാദനം. എന്നാല്‍, ഇക്കുറി ഉദ്യോഗസ്ഥരുണെ്ടങ്കിലും നാലു കരാറുകാര്‍ അവരുടെ ജോലിക്കാരെക്കൊണ്ട് അപ്പം ഉത്പാദിപ്പിച്ചു കവറിലാക്കി കൗണ്ടറിലെത്തിക്കുകയായിരുന്നു.