ഭൂമിദാനക്കേസ്: വിധി പറയാന്‍ മാറ്റി

single-img
22 November 2012

ഭൂമിദാനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഇത്തരം ഹര്‍ജികളില്‍ ഹൈക്കോടതി ഇടപെടുന്നതു സംബന്ധിച്ച സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. നേരത്തെ വിധി പറയാന്‍ മാറ്റിയ ഹര്‍ജിയില്‍ കൂടുതല്‍ വാദം ബോധിപ്പിക്കാനുണെ്ടന്ന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. അസഫലിയുടെ അപേക്ഷയെ തുടര്‍ന്നാണു കേസ് ഇന്നലെ വീണ്ടും പരിഗണിച്ചത്. ഭൂമിദാനക്കേസില്‍ വിഎസിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണെ്ടന്നും കോടതി ആവശ്യപ്പെടുന്ന പക്ഷം കേസ് ഡയറി ഹാജരാക്കാമെന്നും വ്യക്തമാക്കി ഡിജിപി മെമ്മോ സമര്‍പ്പിച്ചു. അതേസമയം, വിഎസിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസില്‍ ഇടപെട്ട് അഴിമതിക്കിടയാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഹര്‍ജി ഭാഗം ബോധിപ്പിച്ചു. തുടര്‍ന്നു ഹര്‍ജി വിധി പറയാന്‍ മാറ്റി.