മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപിള്ള അന്തരിച്ചു

single-img
22 November 2012

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപിള്ള അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 11 ഓടെയായിരുന്നു അന്ത്യം. സൈദ്ധാന്തിക രംഗത്തെ ഒരു ആചാര്യനെയാണ് പി.ജിയുടെ നിര്യാണത്തോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നത്.

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 25 ന് പരമേശ്വരന്‍ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച പിജി യാഥാസ്ഥിതിക ചുറ്റുപാടിലായിരുന്നു ബാല്യകാലം ചെലവിട്ടത്. രാജ്യം സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തിലമര്‍ന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യു.സി കോളജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസുമായി അദ്ദേഹം അടുത്തു. 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ പി. കൃഷ്ണപിളളയെ കാണാനിടയായതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കൃഷ്ണപിള്ളയെ കണ്ടതോടെ പി.ജി കമ്മ്യൂണിസം തന്റെ വഴിയായി തെരഞ്ഞെടുക്കുകയായിരുന്നു. 1952 ല്‍ പെരുമ്പാവൂരില്‍ നിന്ന് തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യ തെരഞ്ഞെടുപ്പ് വിജയം.

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പിജി സിപിഎമ്മിനൊപ്പം നിലകൊണ്ടു. തുടര്‍ന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്ത അദ്ദേഹം 67 ല്‍ പെരുമ്പാവൂരില്‍ നിന്നു തന്നെ വീണ്ടും നിയമസഭയിലെത്തി. എന്നാല്‍ പിന്നീടുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങള്‍ പിജിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സിപിഎമ്മിനെ നിര്‍ബന്ധിതമാക്കി. സിപിഐ-എംഎല്‍ നേതാവായിരുന്ന കെ. വേണുവിന് അഭയം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടിയുടെ നടപടി. ഇതേ തുടര്‍ന്ന് 1983 ല്‍ അദ്ദേഹം ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഒഴിഞ്ഞു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. എം.ജെ രാജമ്മയാണ് ഭാര്യ, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എം.ജി രാധാകൃഷ്ണന്‍, ആര്‍. പാര്‍വതി ദേവി എന്നിവരാണ് മക്കള്‍, വി. ശിവന്‍കുട്ടി മരുമകനാണ്.