മണക്കാട് പ്രസംഗത്തിന്റെ പേരിലും മണിയെ അറസ്റ്റ് ചെയ്യും

single-img
22 November 2012

യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം. എം. മണിയെ മണക്കാട് പ്രസംഗത്തിന്റെ പേരിലും അറസ്റ്റു ചെയ്‌തേക്കും. ഈ കേസില്‍ ഫോര്‍മല്‍ അറസ്റ്റിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചാവും അറസ്റ്റ് രേഖപ്പെടുത്തുക. നെടുങ്കണ്ടം കോടതിയില്‍ ഫോര്‍മല്‍ അറസ്റ്റിന് അപേക്ഷ സമര്‍പ്പിച്ചശേഷം പീരുമേട് ജയിലിലെത്തിയാകും അറസ്റ്റ് രേഖപ്പെടുത്തുന്നത്. കൊലപാതകം, കൊലപാതക വിവരം മറച്ചുവയ്ക്കല്‍ ഉള്‍പ്പെടെ ഏഴോളംകേസുകളാണ് മണിക്കെതിരേ തൊടുപുഴ പോലീസ് എടുത്തിരുന്നത്. മേയ് 25-ന് മണക്കാട് നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ആകാമെന്നു സുപ്രീംകോടതി നേരത്തെ സൂചിപ്പിച്ചിരുന്നു. വിവാദപ്രസംഗത്തെത്തുടര്‍ന്നു പ്രധാനമായും അഞ്ചു രാഷ്ട്രീയ കൊലപാതകങ്ങളിലാണ് അന്വേഷണം നടക്കുന്നത്. അഞ്ചേരി ബേബി, മുള്ളന്‍ച്ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍, ഐഎന്‍ടിയുസി നേതാവ് ബാലു എന്ന ബാലസുബ്രഹ്മണ്യം, ഉടുമ്പന്‍ചോല എസ്റ്റേറ്റ് ഉടമ രാമകൃഷ്ണന്‍ തുടങ്ങിയവരുടെ കൊലപാതകങ്ങളാണ് അന്വേഷിക്കുന്നത്.