മൂന്ന് ഇഎസ്‌ഐ ആശുപത്രികള്‍ കേന്ദ്രം ഏറ്റെടുക്കാമെന്നു കൊടിക്കുന്നില്‍

single-img
22 November 2012

സംസ്ഥാനത്തെ മൂന്ന് ഇഎസ്‌ഐ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. തിരുവനന്തപുരം പേരൂര്‍ക്കട, ആലപ്പുഴ, കോഴിക്കോട് ഫറൂക്ക് എന്നിവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇഎസ്‌ഐ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണു മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാനത്തെ ഇഎസ്‌ഐ ആശുപത്രികളുടെയും ഡിസ്‌പെന്‍സറികളുടെയും നിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പിഎഫ് പെന്‍ഷന്‍ ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയെന്നു മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. മൂന്ന് ആശുപത്രികള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷമേയുള്ളു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നിലനിര്‍ത്തി കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന് സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.