ഫേസ്ബുക്ക് പരാമർശത്തിൽ അറസ്റ്റ്:അന്വേഷണം നടത്തും

single-img
20 November 2012

ശിവസേന നേതാവ് ബാൽ താക്കറേയുടെ മരണത്തിൽ മുംബൈയിൽ ബന്ദാചരിച്ചതിനെ ഫേസ്ബുക്കിൽ ചോദ്യം ചെയ്ത യുവതിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.ബന്ദിനെതിരെ പ്രതികരണം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് മഹാരാഷ്ട്രാ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് സഞ്ജീവ് ദയാല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ഫെയ്‌സ്ബുക്കില്‍ പ്രതികരണമിട്ട ഷഹീന്‍ ദാഡ, ആ പ്രതികരണം ലൈക്ക് ചെയ്ത രേണു ശ്രീനിവാസന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ ബന്ധുവായ ഡോക്ടറുടെ ക്ലിനിക് ആക്രമിക്കാൻ ശ്രമിച്ച ഒൻപത് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.അതേസമയം അറസ്റ്റിലായ യുവാക്കൾ ശിവ സേന പ്രവർത്തകരാണെന്ന സ്ഥിരീകരണം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ഇന്ത്യയെ സ്വതന്ത്രമാക്കിയ ഭഗത് സിങിനെയും ആസാദിനെയും സുഖ്‌ദേവിനെയും പോലുള്ളവരെയാണ് നമ്മള്‍ ബഹുമാനിക്കേണ്ടത്. ആദരവ് നേടിയെടുക്കേണ്ടതാണ്, ബലംപ്രയോഗിച്ച് നേടാനുള്ളതല്ല. ഇന്ന് മുംബൈ നിശ്ചലമായത് ഭയംകൊണ്ടാണ്, അല്ലാതെ ആദരവുകൊണ്ടല്ല എന്നവസാനിക്കുന്ന പരാമർശം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണു ഷഹീൻ ദാഡയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഫെയ്‌സ് ബുക്ക് കൂട്ടായ്മകളും രംഗത്തെത്തി. തെറ്റ് ഉടന്‍ തിരുത്തിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു പ്രസ് കൗണ്‍സില്‍ തലവന്‍ മാര്‍ക്കണ്ഡേയ കട്ജു മഹാരാഷ്ട്രാ സര്‍ക്കാരിനെ അറിയിച്ചു

പോലീസ് നടപടി നിര്‍ഭാഗ്യകരമായി പോയെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.കാർട്ടൂൺ വരച്ചതിനു അസീം ത്രിവേദിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു