ഗാസയിലേക്ക് ഇസ്രയേല്‍ സൈനികനീക്കം; ആക്രമണം തുടരുന്നു

single-img
16 November 2012

ഇസ്രയേലിന്റെ സാമ്പത്തിക ശക്തികേന്ദ്രമായ ടെല്‍ അവീവ് ലക്ഷ്യമാക്കി ഹമാസ് തീവ്രവാദികള്‍ റോക്കറ്റ് ആക്രമണം നടത്തിയതിനു പിന്നാലെ ഗാസയിലേയ്ക്കു ഇസ്രയേല്‍ സൈന്യത്തെ അയച്ചതായി റിപ്പോര്‍ട്ട്. ഹമാസിന്റെ സൈനിക മേധാവി അഹമ്മദ് ജബാരി ബുധനാഴ്ച ഇസ്രേലി മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്. ഗാസാ മുനമ്പില്‍ ഇസ്രയേല്‍ സൈന്യം കനത്ത ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഹമാസിന്റെ ശക്തി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം. ടെല്‍ അവീവ് നഗരത്തിനു നേരെ ആക്രമണം നടത്തിനു പിന്നാലെ വന്‍യുദ്ധ സന്നാഹങ്ങളുമായാണ് ഇസ്രയേല്‍ സൈന്യം ഗാസയിലേയ്ക്കു നീങ്ങുന്നത്. 12 ബറ്റാലിയന്‍ സൈന്യത്തെയും ടാങ്കുകളുമാണ് അതിര്‍ത്തിയിലേയ്ക്കു ഇസ്രയേല്‍ അയച്ചിരിക്കുന്നത്. പലസ്തീന്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടിവന്നാല്‍ കരയാക്രമണത്തിനും മടിക്കില്ലെന്ന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇസ്രയേല്‍ സൈന്യം അന്തിമ തീരുമാനമെടുത്തിട്ടില്ല. അതേസമയം, ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലഫ്.ജന. ബെന്നി ഗാന്റ്‌സ് പറഞ്ഞു.