Sports

ഇബ്ര ഇംഗ്ലണ്ടിനെ മറിച്ചു

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എന്ന കാളക്കൂറ്റന്‍ മേഞ്ഞുനടന്നപ്പോള്‍ സിംഹങ്ങള്‍ മടയിലൊളിച്ചു. ഇബ്രാഹിമോവിച്ച് സ്വീഡനുവേണ്ടി ഇഞ്ചുറിടൈമില്‍ തൊടുത്ത ബൈസിക്കിള്‍ ഷോട്ടുള്‍പ്പെടെ നാലെണ്ണം ഗോള്‍വലയില്‍ തുളച്ചിറങ്ങിയപ്പോള്‍ ഇംഗ്ലണ്ട് നാണംകെട്ടത് രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക്. രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ ക്യാപ്റ്റന്‍ ഇബ്രാഹിമോവിച്ച് നേടിയ നാലു ഗോളാണ് സ്വീഡന് ഇംഗ്ലണ്ടിനെതിരേ ആധികാരിക ജയമൊരുക്കിയത്. ഇംഗ്ലണ്ടിനെതിരേ 20-ാം മിനിറ്റില്‍ ഗോള്‍ വേട്ടതുടങ്ങിയ ഇബ്രാഹിമോവിച്ച് ഇഞ്ചുറി ടൈമിലെ സിസര്‍കട്ട് ഗോളിലൂടെയാണ് മത്സരം അവസാനിപ്പിച്ചത്. 20, 77, 84, 91 മിനിറ്റുകളിലാണ് ഇബ്രാഹിമോവിച്ചിന്റെ ഗോള്‍ പിറന്നത്. 91-ാം മിനിറ്റിലെ ഗോള്‍ 30 വാര അകലെ നിന്ന് ബൈസിക്കിള്‍ കിക്കിലൂടെ സ്വീഡന്‍താരം വലയിലെത്തിച്ചു. ഇംഗ്ലണ്ട് ഗോളി ജോഹാട്ട് ഹെഡ്‌ചെയ്ത പന്തു ലഭിച്ചത് പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്ന ഇബ്രാഹിമോവിച്ചിന്. വായുവില്‍ മലര്‍ന്നുപൊങ്ങി സിസര്‍കട്ട് ചെയ്ത ഇബ്രാഹിമോവിച്ചിന്റെ കണക്കു പിഴച്ചില്ല. പന്ത് ഇംഗ്ലണ്ടിന്റെ വലകുലുക്കി. ഡാനി വെല്‍ബീക് (35), സ്റ്റീവന്‍ കൗള്‍ക്കര്‍ (38) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോള്‍ മടക്കിയത്.