എ.കെ. ആന്റണിയെ ഐഎന്‍ടിയുസി ബഹിഷ്‌കരിച്ചിട്ടില്ലെന്നു സംസ്ഥാന പ്രസിഡന്റ്

single-img
16 November 2012

ബ്രഹ്‌മോസ് ഇന്റഗ്രേഷന്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ ഐഎന്‍ടിയുസി ബഹിഷ്‌കരിച്ചിട്ടില്ലെന്നു സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരന്‍. ബ്രഹ്‌മോസില്‍ ഐഎന്‍ടിയുസി യൂണിയന്‍ ഇല്ല എന്നിരിക്കെ അവിടത്തെ ഐഎന്‍ടിയുസി ഘടകം ബഹിഷ്‌കരിച്ചുവെന്നു പറയുന്നതു ശരിയല്ലെന്നും പ്രശ്‌നത്തില്‍ ഐഎന്‍ടിയുസി വലിച്ചിഴക്കപ്പെട്ടതില്‍ ഖേദമുണെ്ടന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ജോര്‍ജ് മേഴ്‌സിയര്‍ പ്രസിഡന്റായ യൂണിയന്‍ അവിടെയുണ്ടായിരിക്കാം. എന്നാല്‍ അതിന് ഐഎന്‍ടിയുസിയുമായി ബന്ധമില്ല. ജോര്‍ജ് മേഴ്‌സിയര്‍ ഐഎന്‍ടിയുസിയുടെ ജില്ലാ കൗണ്‍സിലില്‍ പോലുമില്ലാത്ത വ്യക്തിയാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഐഎന്‍ടിയുസിയുമായി ബന്ധമില്ലാത്തവര്‍ കോണ്‍ഗ്രസ് നേതാക്കളാണെങ്കില്‍ പോലും ഐഎന്‍ടിയുസിയുടെ പേര് ദുരുപയോഗം ചെയ്യരുത്. ബന്ധമില്ലാത്ത മേഖലയില്‍ ഇതുപയോഗിക്കാനും പാടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ബ്രഹ്‌മോസ് എന്ന സ്ഥാപനം രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. ഇത്തരമൊരു സ്ഥാപനത്തില്‍ ഐഎന്‍ടുയിസിയുടെ പേരുപയോഗിച്ച് ആരെങ്കിലും പ്രവര്‍ത്തനം നടത്തിയിട്ടുണെ്ടങ്കില്‍ ഐഎന്‍ടിയുസിക്ക് അതില്‍ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.