National

വിമാനത്താവളത്തിൽ ചിത്രമെടുത്തയാളെ വിട്ടയയ്ക്കണമെന്നു ചിദംബരം

ചെന്നൈ വിമാനത്താവളത്തില്‍ തന്‍റെ ചിത്രമെടുത്ത മലയാളി യുവാവിനെ വിട്ടയയ്ക്കാന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം നിര്‍ദേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലേക്കു മടങ്ങിപ്പോകാന്‍ ഒരുങ്ങുമ്പോഴാണ് അമീര്‍ എന്ന യുവാവ് ചിദംബരത്തിന്‍റെ ചിത്രമെടുത്തത്. ചെന്നൈയില്‍ നിന്നു ഡല്‍ഹി വഴി ദുബായ്ക്കുള്ള ഒന്നാം ക്ലാസ് ടിക്കറ്റ് ഇയാളുടെ കൈവശമുണ്ടായിരുന്നു.

സംഭവത്തെ കുറിച്ചു മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. യുവാവിന്റെ അറസ്റ്റുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും ചിദംബരം പറഞ്ഞു.സംഭവം അറിഞ്ഞയുടന്‍ ഇയാളെ വിട്ടയയ്ക്കാന്‍ തമിഴ് നാട് പൊലീസിനോട് ആവശ്യപ്പെട്ടതായി ചിദംബരം അറിയിച്ചു.