യുഎസ് ജനറല്‍ അല്ലന് എതിരേയും അന്വേഷണം

സിഐഎ തലവന്‍ ഡേവിഡ് പെട്രിയസിന്റെ രാജിക്കിടയാക്കിയ കേസില്‍ മറ്റൊരു ഉന്നത യുഎസ് കമാന്ഡര്കൂടി കുടുങ്ങി. അഫ്ഗാനിസ്ഥാനിലെ യുഎസ്, നാറ്റോ സേനാ കമാന്‍ഡര്‍ ജനറല്‍ ജോണ്‍ അല്ലനെതിരേ പെന്റഗണിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചു. പെട്രിയസ് കേസില്‍ ഉള്‍പ്പെട്ട ജില് കെല്ലി എന്ന വനിതയും ജനറല്‍ അല്ലനും കൈമാറിയ അനുചിത ഇ-മെയില്‍ സന്ദേശങ്ങളുടെ പരിശോധനയാണു നടക്കുന്നത്. 2010മുതല്‍ 2012വരെയുള്ള കാലയളവിലെ ഇമെയിലുകളും മറ്റു രേഖകളും മുപ്പതിനായിരത്തോളം പേജുകള്‍ വരും. പെട്രിയസിന്റെ പിന്‍ഗാമിയായാണ് അല്ലന് അഫ്ഗാനിസ്ഥാനില്‍ കമാന്‍ഡറായത്. പെട്രിയസിന്റെ രാജിക്കുശേഷം രണ്ടുദിവസത്തിനകമാണ് അല്ലനെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഫ്ബിഐ പെന്റഗണെ സമീപിച്ചത്. ഇതെത്തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ അന്വേഷണച്ചുമതല ഇന്‍സ്പെക്ടര്‍ ജനറലിനെ ഏല്പിക്കുകയായിരുന്നു. വിവരം സെനറ്റിന്റെ സായുധസേനാ കമ്മിറ്റിയിലെ ഉന്നത ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ നേതാക്കളെ അറിയിക്കുകയും ചെയ്തു.