രോഗികള്‍ക്കൊപ്പം മൃതദേഹങ്ങള്‍ കിടത്തിയ സംഭവം: മെഡിക്കല്‍ ഡയറക്ടര്‍ തെളിവെടുപ്പ് നടത്തി

single-img
12 November 2012

തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കൊപ്പം മണിക്കൂറുകളോളം മൃതദേഹങ്ങള്‍ കിടത്തിയ സംഭവത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ആശുപത്രിയിലെത്തി തെളിവെടുത്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി.കെ ജമീലയാണ് രാവിലെ ആശുപത്രിയുടെ ഒന്‍പതാം വാര്‍ഡിലെത്തി തെളിവെടുപ്പ് നടത്തിയത്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും ആശുപത്രി സൂപ്രണ്ടില്‍ നിന്നും അവര്‍ തെളിവെടുത്തു. മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു മെഡിക്കല്‍ ഡയറക്ടര്‍ തെളിവെടുപ്പിന് എത്തിയത്. അനാഥരായ രോഗികളെ കിടത്തി ചികിത്സിക്കുന്ന ഒന്‍പതാം വാര്‍ഡിന്റെ വരാന്തയിലാണ് രോഗികള്‍ക്കൊപ്പം മണിക്കൂറുകളോളം മൃതദേഹങ്ങള്‍ കിടത്തിയത്. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്നാണ് വിവാദമായത്. ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ ഇന്നലെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.