Sports

ടൂര്‍ ഫൈനല്‍സ്: ഭൂപതി സഖ്യവും പെയ്‌സ് സഖ്യവും നേര്‍ക്കുനേര്‍

എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റ് സെമിഫൈനലില്‍ ഇന്ത്യയുടെ ഭൂപതി സഖ്യവും ഇന്തോ- ചെക്ക് കൂട്ടുകെട്ടായ പെയ്‌സ് സഖ്യവും നേര്‍ക്കുനേര്‍. ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ജോഡിയായ അമേരിക്കയുടെ ബോബ് ബ്രയാന്‍- മൈക്ക് ബ്രയാന്‍ സഖ്യത്തെ കീഴടക്കിയാണ് ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- ചെക്ക് റിപ്പബ്‌ളിക്കിന്റെ റദേക് സ്റ്റെപാനിക് കൂട്ടുകെട്ട് സെമിയില്‍ കടന്നത്. സ്‌കോര്‍: 6-4, 6-7(6), 10-7. ഒരു മണിക്കൂറും 45 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ബ്രയാന്‍ സഹോദരന്‍മാരെ ഇന്തോ- ചെക്ക് കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.

ഇതേസമയം, ഇന്ത്യയുടെ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സഖ്യം നേരത്തെ തന്നെ എടിപി ടൂര്‍ ഫൈനല്‍സിന്റെ സെമിയില്‍ കടന്നിരുന്നു. ഗ്രൂപ്പ് ബി ഷൂട്ടൗട്ടില്‍ രണ്ടാം സീഡ് മാക്‌സ് മിര്‍ണി-ഡാനിയേല്‍ നെസ്റ്റര്‍ സഖ്യത്തെ കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം സെമിയില്‍ ഇടം നേടിയത്. സ്‌കോര്‍: 7-6, 6-7, 10-5.