കേജരിവാളിന്റെ ലക്ഷ്യം വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തല്‍: കോണ്‍ഗ്രസ്

single-img
11 November 2012

ഇന്ത്യന്‍ വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്ന അഴിമതിവിരുദ്ധ ഇന്ത്യാ തലവന്‍ അരവിന്ദ് കേജരിവാളിനു കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം. വ്യക്തമായ തെളിവുകളില്ലാതെ ആളുകള്‍ക്കെതിരേ കേജരിവാള്‍ ആരോപണമുന്നയിക്കുകയാണെന്നു കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വി കുറ്റപ്പെടുത്തി. ആളുകളെ അപകീര്‍ത്തിപ്പെടുത്തുകയാണു കേജരിവാളിന്റെ ലക്ഷ്യം. ഉന്നയിക്കുന്ന ആരോപണങ്ങളില്‍ തെളിവുണെ്ടങ്കില്‍ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെ സമീപിക്കുകയാണു കേജരിവാള്‍ ചെയ്യേണ്ടത്. കൃത്യമായ തെളിവുകളുണെ്ടങ്കില്‍ സര്‍ക്കാരിന്റെ അന്വേഷണ സംവിധാനവുമായി സഹകരിക്കാം. അതുമല്ലെങ്കില്‍ കോടതിയില്‍ പോകാം. ഇതിനുപകരം ടെലിവിഷന്‍ കാമറകള്‍ക്കു മുന്നില്‍ ആരോപണം ഉന്നയിക്കുകയാണു കേജരിവാള്‍. ആരെങ്കിലും തെറ്റു ചെയ്തിട്ടുണെ്ടങ്കില്‍ നിയമത്തിന്റെ മുന്നില്‍ അവര്‍ എത്തണമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. അംബാനി സഹോദരന്മാരുള്‍പ്പെടെ പത്തുപേരുടെ സ്വിസ്ബാങ്ക് നിക്ഷേപത്തെക്കുറിച്ചുള്ള വിവരമാണു കേജരിവാള്‍ ഇന്നലെ പുറത്തുവിട്ടത്. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് സ്വിസ്ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ നല്കിയതെന്നും കേജരിവാള്‍ വെളിപ്പെടുത്തിയിരുന്നു.