ശ്രീപത്മനാഭസ്വാമി ക്ഷേത്രസ്വത്ത്: സുപ്രീംകോടതിയില്‍ വി.എസ് കക്ഷിചേരും

single-img
9 November 2012

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷിചേരാന്‍ വി.എസ് തീരുമാനിച്ചു. കോടതിയുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ നീക്കാനാണ് വി.എസിന്റെ തീരുമാനം. സ്വത്ത് രാജകുടുംബത്തെ ഏല്‍പിക്കാനുളള അമിക്യസ് ക്യൂറിയുടെ ശിപാര്‍ശയ്‌ക്കെതിരേ സിപിഎം ഇന്നലെ പരസ്യമായി രംഗത്ത് വന്നിരുന്നു. അമിക്യസ് ക്യൂറി രാജഭക്തി കാട്ടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വി.എസും ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതിനുവേണ്ടിയുള്ള നിയമപോരാട്ടത്തില്‍ പങ്കാളിയാകാന്‍ വി.എസ് തീരുമാനമെടുത്തത്. ഇതേക്കുറിച്ച് അദ്ദേഹം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. ക്ഷേത്രകാര്യത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ലെങ്കിലും സ്വത്തുക്കള്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ കൈകളിലെത്തുന്നത് തടയാനാണ് ഇടപെടുന്നതെന്നാണ് വി.എസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. സ്വത്ത് പൊതുമുതലായി സംരക്ഷിക്കണമെന്നാണ് വി.എസിന്റെയും സിപിഎമ്മിന്റെയും അഭിപ്രായം.