പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് പൊതുസ്വത്തല്ലെന്ന് മുഖ്യമന്ത്രി

single-img
9 November 2012

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പൊതുസ്വത്തായി കാണാനാകില്ലെന്നും അത് ക്ഷേത്രത്തിന്റേതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ തീരുമാനം പറയാന്‍ സുപ്രീംകോടതിക്ക് മാത്രമാണ് അവകാശമുള്ളതെന്നും കോടതിയുടെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയും കാലം സ്വത്ത് കാത്തുസൂക്ഷിച്ചതിലൂടെ രാജകുടുംബത്തിന്റെ വിശ്വസനീയതയാണ് ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം വരുന്നതിന് മുന്‍പ് മാധ്യമങ്ങളുടെ തിളക്കം ഇല്ലാതിരുന്ന കാലത്ത് എന്തിനും സ്വാതന്ത്ര്യം ഉള്ള സാഹചര്യത്തില്‍പോലും സ്വത്തുക്കളിലെ ഒരു തരിമ്പുപോലും നഷ്ടപ്പെടാതെ സൂക്ഷിച്ച രാജകുടുംബത്തെ തള്ളിപ്പറയുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് തനിക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതേസമയം കോവളം കൊട്ടാര വിഷയത്തില്‍ തീരുമാനമെടുക്കാന്‍ 12 ന് സര്‍ക്കാര്‍ വിളിച്ചിരുന്ന സര്‍വകക്ഷിയോഗം മാറ്റിവെച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കേസിന്റെ പശ്ചാത്തലത്തില്‍ വ്യക്തമായ നിയമോപദേശം ലഭിക്കാഞ്ഞതിനാലാണ് യോഗം മാറ്റിവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.