മമതയുടേത് ഫാസിസ്റ്റ് ഭരണമെന്ന് കോണ്‍ഗ്രസ്

single-img
9 November 2012

പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാകുന്നു. മമതയുടേത് ഫാസിസ്റ്റ് സര്‍ക്കാരാണെന്ന വിമര്‍ശനവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു പാര്‍ട്ടിയെയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ മമത അനുവദിക്കുന്നില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രകീര്‍ത്തിക്കുന്ന റാലികള്‍ക്കും പ്രകടനങ്ങള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷം തൃണമൂല്‍ സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണെന്നും കമ്പനികള്‍ സംസ്ഥാനം വിട്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.