അസ്ഹറിന്റെ വിലക്ക് നിയമവിരുദ്ധം: കോടതി

single-img
9 November 2012

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ബിസിസിഐയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടി നിയമവിരുദ്ധമെന്ന് കോടതി. ആന്ധ്രാപ്രദേശ് ഹൈക്കോടതിയാണ് വിലക്ക് തള്ളിയത്. ബിസിസിഐയുടെ വിലക്കിനെതിരേ അസ്ഹറുദ്ദീന്‍ കോടതിയെ സമീപിക്കുകയാ യിരുന്നു. കോഴവിവാദത്തിന്റെ പേരില്‍ 2000ലാണ് ബിസിസിഐ അസ്ഹറുദ്ദീനെ വിലക്കിയത്. അജയ് ജഡേജയേയും ബിസിഐ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ക്രിക്കറ്റില്‍ നിന്നു വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് 49 കാരനായ അസ്ഹര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി കോണ്‍ഗ്രസ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലെത്തി.

ക്രിക്കറ്റിലെ ആജീവനാന്ത വിലക്ക് നീക്കിയ കോടതി നടപടി സന്തോഷകരമാണെന്നു അസ്ഹറുദ്ദീന്‍ പ്രതികരിച്ചു. 99 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നു 22 സെഞ്ചുറികളോടെ 6205 റണ്‍സാണ് അസ്ഹറിന്റെ സമ്പാദ്യം. ശ്രീലങ്കയ്‌ക്കെതിരേ നേടിയ 199 റണ്‍സാണ് അദ്ദേഹത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ക്യാപ്റ്റന്‍ എന്ന നിലയില്‍ 103 ഏകദിന മത്സരങ്ങളില്‍ അദ്ദേഹം ടീമിനെ വിജയത്തിലേക്കു നയിച്ചിട്ടുണ്ട്. ഇത് ഇപ്പോഴും തകര്‍ക്കപ്പെടാത്ത റിക്കാര്‍ഡായി നിലനില്‍ക്കുന്നു. 1991ല്‍ വിസ്‌ഡെന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.