National

പ്രധാനമന്ത്രിയാകാത്തതില്‍ ദുഃഖമില്ലെന്ന് അഡ്വാനി

തനിക്ക് ഇത്രയും കാലം പാര്‍ട്ടി തന്നതൊക്കെ പ്രധാനമന്ത്രി പദത്തെക്കാള്‍ വലുതാണെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനി. പ്രധാനമന്ത്രിയാകാത്തതില്‍ ദുഃഖമില്ല. പ്രധാനമന്ത്രിയാകുകയെന്നത് ത ന്നെ സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച അംഗീകാരത്തേക്കാള്‍ വലുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 85-ാം ജന്മദിനത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി എല്‍.കെ. അഡ്വാനിയുമായി കൂടിക്കാഴ്ച നടത്തി. ഗഡ്കരി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് അഡ്വാനി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് അഡ്വാനിയുടെ വസതിയില്‍ ഗഡ്കരി കൂടിക്കാഴ്ചയ് ക്കെത്തി യത്. എന്നാല്‍, പിറന്നാള്‍ ആഘോഷിക്കുന്ന അഡ്വാനിയെകണ്ട് ആശംസ നേരാനാണ് എത്തിയതെന്നും മറ്റു വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും ഗഡ്കരി പറഞ്ഞു. ഗഡ്കരിയെ തല്‍സ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യപ്പെട്ടാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നു അഡ്വാനി വിട്ടുനിന്നത്.