World

സര്‍ദാരിക്കേസ്: സ്വിസ് സര്‍ക്കാരിനു പാക്കിസ്ഥാന്‍ കത്തയച്ചു

പാക് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പാക് സര്‍ക്കാര്‍ സ്വിസ് സര്‍ക്കാരിനു കത്തയച്ചു. ഇത്തരമൊരു കത്തയയ്ക്കാന്‍ വിസമ്മതിച്ചതിനാണ് നേരത്തെ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിക്ക് അധികാരം നഷ്ടപ്പെട്ടത്. സര്‍ദാരിക്കെതിരേയുള്ള കേസ് അവസാനിപ്പിക്കണമെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മാലിക് ഖയൂം നേരത്തെ സ്വിറ്റ്‌സര്‍ലന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. മാലിക്കിന്റെ ആവശ്യം പിന്‍വലിക്കുന്നതായി വ്യക്തമാക്കിക്കൊണ്ടുള്ള കത്താണ് കഴിഞ്ഞദിവസം പാക് സര്‍ക്കാര്‍ അയച്ചത്. ഇപ്രകാരം കത്തയയ്ക്കാമെന്ന് സുപ്രീംകോടതിയില്‍ പാക് നിയമമന്ത്രി ഫറൂക് നായിക് ഉറപ്പുനല്‍കിയിരുന്നു. കത്തിന്റെ കരട് സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. പ്രസിഡന്റെന്ന നിലയില്‍ സര്‍ദാരിക്ക് പ്രോസിക്യൂഷനില്‍നിന്നു സംരക്ഷണമുണെ്ടന്ന കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.