ശിവഗിരി മഠം: പതിറ്റാണ്ടിന്റെ പഴക്കമുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി

single-img
7 November 2012

ശിവഗിരി മഠം ട്രസ്റ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നിലനിന്ന തര്‍ക്കം ഒത്തുതീര്‍പ്പാക്കി. തര്‍ക്കവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികളില്‍ ഹൈക്കോടതി നിയമിച്ച മധ്യസ്ഥരുടെ ശ്രമഫലമായാണു പ്രശ്‌നം ഒത്തുതീര്‍പ്പായത്. ഇതോടെ 1954 മുതല്‍ ആറ്റിങ്ങല്‍ സബ് കോടതിയിലും ഹൈക്കോടതിയിലും നിലനിന്നിരുന്ന എല്ലാ കേസുകളിലും തീര്‍പ്പായതായി ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, എ.വി. രാധാകൃഷ്ണ പിള്ള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വ്യവസ്ഥയനുസരിച്ച് ശിവഗിരിമഠം ട്രസ്റ്റ് ജനറല്‍ ബോഡിയില്‍ ഉള്‍പ്പെടുത്തിയ ഒന്‍പതു സന്യാസിമാരുടെ യോഗ്യതയെക്കുറിച്ചുള്ള തര്‍ക്കമാണു ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. താത്കാലിക ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏഴു പേര്‍ 11 അംഗ ഭരണ സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതായി കഴിഞ്ഞ നവംബര്‍ 11ലെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. അന്നു നടക്കേണ്ടിയിരുന്ന ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ മുടക്കമില്ലാതെ നടത്തുന്നതിനായിരുനു ഈ ഉത്തരവ്. ശേഷിക്കുന്ന നാലു സ്ഥാനങ്ങളിലേക്ക് ഭരണസമിതിയിലേക്കു മത്സരിച്ച 18 പേരില്‍നിന്നു തെരഞ്ഞെടുപ്പ് നടത്തും. 18 പേരെ എ, ബി എന്ന രണ്ടു പാനലിലാക്കി ഇരു പാനലുകളിലും ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന രണ്ടുപേരെ വീതം വിജയിച്ചതായി പ്രഖ്യാപിക്കും.