ബഹറിനില്‍ സ്‌ഫോടനപരമ്പര: ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ മരിച്ചു

single-img
6 November 2012

ബഹറിനെ ഞെട്ടിച്ച് തലസ്ഥാനനഗരമായ മനാമയില്‍ രണ്ടിടങ്ങളിലായി സ്‌ഫോടനപരമ്പര. സംഭവത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ രണ്ടു പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. നഗരത്തിലെ റസിഡന്‍ഷ്യല്‍ മേഖലയായ ഖുദായ്ബിയ, വാണിജ്യമേഖലയായ ആദ്‌ലിയ എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ സ്‌ഫോടനങ്ങളുണ്ടായത്. തമിഴ്‌നാട് സ്വദേശി ടി. മുരുകയ്യന്‍ ആണ് മരിച്ച ഇന്ത്യക്കാരന്‍. ബംഗ്ലാദേശില്‍നിന്നുള്ളയാളാണ് മരിച്ച മറ്റൊരാള്‍. പരിക്കേറ്റവരില്‍ രാജസ്ഥാന്‍ സ്വദേശിയുമുണെ്ടന്നാണു സൂചന. മരിച്ച രണ്ടുപേരും ശുചീകരണത്തൊഴിലാളികളാണ്. അഞ്ചു തദ്ദേശനിര്‍മിത ബോംബുകളാണു പൊട്ടിത്തെറിച്ചത്. ആദ്‌ലിയയില്‍ ശുചീകരണത്തിനിടെ കണെ്ടത്തിയ അപരിചിതവസ്തു കാലുകൊണ്ട് തൊഴിച്ചതിനെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് മുരുകയ്യന്‍ മരിച്ചത്. ഖുദായ്ബിയയിലെ അവാല്‍ സിനിമാ തിയറ്ററിനു സമീപം ശുചീകരണം നടത്തുന്നതിനിടെ ബോംബ് പൊട്ടിയാണു മറ്റൊരാള്‍ മരിച്ചത്. ഈ സ്‌ഫോടനത്തില്‍ രാജസ്ഥാന്‍ സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ക്കു ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍, രാജ്യത്തെ ശിഥിലമാക്കാന്‍ ആഗ്രഹിക്കുന്ന ഭീകരരുടെ കരങ്ങളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തി.