മനുഷ്യ ജീവിതത്തെ ധന്യമാക്കുന്നതിന് അത്യന്താപേക്ഷിതമായ രണ്ടു സംഗതികളാണ് നിയമവും നിയമ നിര്‍വ്വഹണവും; പ്രത്യേകിച്ചും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ആധുനിക മനുഷ്യന്. ഭൗതിക ജീവിതത്തിനും ഭൗതികമായ മറ്റു സകല പ്രക്രിയകള്‍ക്കും നിയമം അത്യാവശ്യമാണ്. മനുഷ്യരുടെ വ്യക്തിപരമായ ജീവിതത്തില്‍ നിയമങ്ങളും നിയമാനുഷ്ഠാനങ്ങളും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇതിനേക്കാള്‍ പ്രധാന്യം നിയമ ലംഘനത്തിനുമുണ്ട്. മറ്റൊരു വ്യക്തിക്ക് ദോഷകരമായി ചെയ്യുന്ന ഏതൊരു കാര്യവും നിയമലംഘനമായി കണക്കാക്കാം. കാരണം രാഷ്ട്രം ഏവര്‍ക്കും തുല്യനീതിയില്‍ ചില അവകാശങ്ങള്‍ കല്പ്പിച്ചിട്ടുണ്ട്. ആയത് തടസ്സപ്പെടുത്തുവാനോ ലംഘിക്കുവാനോ ആര്‍ക്കും അധികാരമില്ല.
നിയമം എന്നു കേള്‍ക്കുമ്പോള്‍ ഒരു സാധാരണ മനുഷ്യന് പെട്ടന്ന് മനസ്സിലുദിക്കുന്നത് തന്റെ രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള ചിന്തയാണ്. ഈ ചിന്താഗതിയുടെ അടിസ്ഥാനത്തിലായിരിക്കണം ഈ ഒരു ചിന്താഗതിയുടെ അടിസ്ഥാനത്തിലായിരിക്കണം നിയമത്തെ ആസ്റ്റിന്‍ ”നിയമം പരമാധികാര സ്ഥാനത്തു നിന്നും ചുമത്തുന്നതും പ്രാബല്യത്തില്‍ കൊണ്ടു വരുന്നതുമായ ഒു പെരുമാറ്റച്ചട്ടം” എന്ന് നിര്‍വ്വചിച്ചിട്ടുള്ളത്. തികച്ചും വ്യത്യസ്ഥമല്ലാത്ത മറ്റൊരു നിര്‍വ്വചനമാണ് നിയമപണ്ഡിതനായ ഹോബ്സ് നല്‍കുന്നത്: ”നിയമം ബലം പ്രയോഗിക്കാന്‍ അഖികാരമുള്ള ആളിന്റെയോ ആളുകളുടെയോ കല്‍പ്പനകള്‍”. എന്നാല്‍ സാല്‍മണ്ടിന്റെ അഭിപ്രായത്തില്‍ ”നിയമം നീതിന്യായ നിര്‍വ്വഹണത്തിനായി ഒരു സ്റ്റേറ്റ് അംഗീകരിച്ചിട്ടുള്ളതും പ്രായോഗികമാക്കുന്നതുമായ ഒരുകൂട്ടം പെരുമാറ്റ ചിട്ടകള്‍” എന്നാണ്. ഇത്തരം പെരുമാറ്റച്ചിട്ടകള്‍ എപ്രകാരം ഉണ്ടാക്കപ്പെട്ടാലും നീതിന്യായ നിര്‍വ്വഹണത്തിനായി അവ കോടതികള്‍ സ്വീകരിക്കപ്പെടുന്നവ ആയിരിക്കണമെന്നുള്ള നിബന്ധനയുണ്ട്. മാത്രവുമല്ല കോടതികള്‍ നീതിനിര്‍വ്വഹണത്തിനായി നിയമപ്രാബല്യമുള്ള ചട്ടങ്ങള്‍ അല്ലാതെ വേറെ ചട്ടങ്ങള്‍ സ്വീകരിക്കുവാന്‍ പാടില്ലാത്തതുമാകുന്നു. ഇവിടെ സാല്‍മണ്ട് നിയമത്തിന്റെ യഥാര്ത്ഥഭാഗം ചിട്ടപ്പെടുത്തുന്നതിന് നിയമ നിര്‍മ്മാണത്തേക്കാള്‍ നീതിന്യായ കോടതികള്‍ക്ക് കുടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നതിനാല് ‘നിയമം നീതിനിഷ്ഠം മാത്രമോ ആധികാരികത മാത്രമോ അല്ല, മറിച്ച് അവ രണ്ടും കൂടിയുള്ള ഒരു സമഗ്രമായ സംയോഗമാണ്’ എന്ന് കാണാവുന്നതാണ്.
നിയമമെന്ന വാക്ക് അതിന്റെ വിപുലമായ അര്‍ത്ഥത്തില്‍ സകല പ്രവര്‍ത്തനങ്ങളുടെയും ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അത് ദൈവീകമോ, മാനുഷികമോ, ശാസ്ത്രീയമോ, ഭൗതികമോ, അചേതനമോ എന്തുമാകാം. ഈ വിപുലമായ അര്‍ത്ഥത്തില്‍ നിയമത്തെ പല വിഭാഗങ്ങളിലായി തിരിക്കുമ്പോള്‍ നമുക്ക് പ്രകൃതി നിയമം, ഭൗതികനിയമം, ആധികാരിക നിയമം, ധാര്‍മ്മിക നിയമം, അന്താരാഷ്ട്ര നിയമം, സിവില്‍ നിയമം തുടങ്ങി പലതും ലഭ്യമാകുന്നു. ഇവയോരോന്നും നാം വിശദമായി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരുകാര്യം നിയമമെന്നത് വിവിധ സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന എന്നാല്‍ ഒന്നിനൊന്ന് ചേര്‍ച്ചയില്ലാത്ത ചില പ്രവര്‍ത്തനചട്ടങ്ങള്‍ മാത്രമാണെന്നാണ്.
മനൃഷ്യരില് കാണുന്ന സദാചാര ചട്ടങ്ങളും സാന്മാര്ഗ്ഗിക നിബന്ധനകളും ആധ്യാത്മിക തത്വങ്ങളില്‍ നിന്നുത്ഭവിച്ചിട്ടുള്ളവയാണെന്ന് വിവിധ മതങ്ങള്‍ അഭിപ്രായപ്പെടുന്നു. ക്രൈസ്തവരുടെ ബൈബിളില്‍ പറയുന്നത് ദൈവം മനുഷ്യരെ സൃഷ്ടിച്ച ശേഷം അവര്ക്കനുസരിക്കുവാന് ചില കല്‍പ്പനകള്‍ നല്‍കിയെന്നാണ്. ആ കല്‍പ്പനകള്‍ ലംഘിച്ചാലുള്ള ശിക്ഷകളും ദൈവം അവര്‍ക്ക് ബോധ്യമാക്കിക്കൊടുത്തു. ഇസ്ലാമിക ഗ്രന്ഥമായ ഖുര്‍-ആന്‍ വ്യക്തമാക്കുന്നതും മനുഷ്യന് അനുഷ്ഠിക്കേണ്ട കടമകളെയും കര്‍ത്തവ്യങ്ങളേയും കുറിച്ചാണ്. ഹൈന്ദവ പുരാണങ്ങളും ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല. ഇതില്‍ നിന്നും മനസ്സിലാക്കാവുന്നത് മനുഷ്യജീവിതം സുഖകരമാകണമെങ്കില്‍ ചില നിയമങ്ങള്‍ വേണമെന്നും അവയെല്ലാം പാലിക്കപ്പെടണമെന്നുമാണ്. ഇവയില്‍ മാത്രമല്ല ലോകത്തിലെ തു മതഗ്രന്ഥമെടുത്തു പരിശോധിച്ചാലും നിയമത്തിന്റെ ആവശ്യകതയും അതുപാലിക്കാന്‍ മനുഷ്യനുള്ള ചുമതലയും വിവരിച്ചിട്ടുള്ളതായി കാണാം. മതപഠനങ്ങള്‍ നിയമവിജ്ഞാനത്തിന് അത്യന്താപേക്ഷിതവും അത് നിയമങ്ങളെക്കുറിച്ചും നീതിന്യായനിര്വ്വഹണത്തെക്കുറിച്ചുമുള്ള ഒരു ശരിയായ ബോധം നല്കുന്നവയുമാണ്. അതിനാല്‍ നിയമവും നിയമ വിജ് ഞാനവും നിയമശാസ്ത്രത്തിന്റെ പ്രധാന വിഭാഗങ്ങളാണെന്നതിന് യാതൊരു സംശയവുമില്ല.