National

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മഹാറാലി ഇന്ന്

കോണ്‍ഗ്രസ് മഹാറാലി ഇന്നു ഡല്‍ഹിയില്‍ നടക്കും. രാംലീല മൈതാനിയില്‍ രാവിലെ 11-നു തുടങ്ങുന്ന റാലിയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പസംഗിക്കും. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പു ദിവസമാണു കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമാകുന്ന മഹാറാലി ഡല്‍ഹിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം, അഴിമതിക്കാര്‍ക്കെതിരേ നടപടി തുടങ്ങി ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ വിവാദവിഷയങ്ങളെക്കുറിച്ചു റാലിയില്‍ പ്രധാനമ ന്ത്രിയും സോണിയയും രാഹു ലും ജനങ്ങളോടു സംസാരിക്കും.

കേന്ദ്രസര്‍ക്കാരിനും പാര്‍ട്ടിക്കും സോണിയയ്ക്കും രാഹുലിനും എതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കു പരോക്ഷമായെങ്കിലും തിരിച്ചടി നല്‍കാനും ഇന്നത്തെ മഹാറാലി ഉപയോഗപ്പെടുത്തും. അന്നാ ഹസാരെയും അരവിന്ദ് കേജരിവാളിന്റെ ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷനും (ഐഎസി), സുബ്രഹ്മണ്യന്‍ സ്വാമിയും ബിജെപിയും ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കും ജനകീയ റാലിയിലൂടെ മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നു.