മുണ്ടൂരില്‍ പി. ഗോകുല്‍ദാസിനെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും

single-img
3 November 2012

മുണ്ടൂര്‍ മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി. ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച് ഉചിത തീരുമാനം കൈക്കൊള്ളാന്‍ യോഗം സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയിരുന്നു.

മുണ്ടൂര്‍ എരിയാ സെക്രട്ടറിയായിരുന്ന ഗോകുല്‍ദാസിനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ലോക്കല്‍ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ മുണ്ടൂരില്‍ വിമതയോഗം ചേര്‍ന്നു. ഈ യോഗത്തില്‍, നടപടി പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനവും ഉണ്ടായി. പ്രശ്‌നം രൂക്ഷമായതോടെ പാര്‍ട്ടി ഇവര്‍ക്കെതിരേയുള്ള കടുത്ത അച്ചടക്ക നടപടിയില്‍ നിന്നു പിന്മാറി. പിന്നീട് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചയും നടന്നു. ഇതിനെത്തുടര്‍ന്നാണു ഗോകുല്‍ദാസും പ്രവര്‍ത്തകരും പാര്‍ട്ടി വിടാനുള്ള തീരുമാനത്തില്‍നിന്നു പിന്മാറിയത്. പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനം പാലക്കാട് ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യും. അതിനുശേഷം പാര്‍ട്ടി അംഗങ്ങളുടെ കണ്‍വെന്‍ഷനും ചേരും.