പട്ടിക വിഭാഗങ്ങളുടെ 150 കോടി തട്ടിയെടുക്കുന്നു: തോമസ് ഐസക്

single-img
2 November 2012

സംസ്ഥാനത്തെ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള ഫണ്ടില്‍നിന്നു 150 കോടിയോളം രൂപ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി മുന്‍ ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ഈ നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് ലാപ്‌സായാല്‍ അത്രയും തുക അടുത്തവര്‍ഷത്തെ പൊതുഫണ്ടിനോടു ചേര്‍ക്കണമെന്ന വ്യവസ്ഥ പിന്‍വലിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ദുര്‍ബല വിഭാഗങ്ങളോടുള്ള കടുത്ത അനീതിയാണിത്. ഇവര്‍ക്കു വേണ്ടിയുള്ള വികസന ഫണ്ടുകള്‍ വന്‍തോതില്‍ തിരിമറി നടത്തുന്നതിന് ഇത് അവസരമൊരുക്കും. 2010-11 വര്‍ഷത്തില്‍ പട്ടികജാതി വിഭാഗത്തിന് 660 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തിനു 99 കോടി രൂപയുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി വകയിരുത്തിയിരുന്നത്. ഇതിന്റെ 70 ശതമാനമെങ്കിലും ആ വര്‍ഷം ചെലവിടേണ്ടിയിരുന്നു. ഈതുക ചെലവഴിക്കാതെ ലാപ്‌സാകുകയാണെന്നും അദ്ദേഹം പറഞ്ഞു.