സാമ്രാജ്യം കൈവിട്ട പോരാളികള്‍

single-img
1 November 2012


മാളികമുകളേറിയ മന്നന്‍ തോളില്‍ മാറാപ്പു ചുമക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകളാകുന്നു. വര്‍ഷങ്ങള്‍ കൊഴിഞ്ഞതിനൊപ്പം മാറാപ്പിന്റെ ഭാരവും വര്‍ദ്ധിച്ചു.എന്നാല്‍ തങ്ങളുടെ പൂര്‍വികര്‍ ഒരുകാലത്ത് ച്ക്രവര്‍ത്തിയായിരുന്നപ്പോള്‍ ലഭിച്ച തഴമ്പ് കാണിച്ച് ആ മഹാന്‍ അഹങ്കരിച്ചു പോന്നു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചുമലിലെ ഭാരം താങ്ങാനാവാതെ, യുദ്ധമുഖത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനോക്കുവാന്‍ പോലുമാകാതെ അയാളുടെ പടയാളികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍, നഷ്ടപ്രതാപം പുതുതലമുറയിലൂടെ തിരികെ വന്നെത്തുന്നത് സ്വപ്നം കണ്ട നൂറു കോടി വരുന്ന ജനങ്ങള്‍ ഇളിഭ്യരായി.രാജാവു മുടന്തി തുടങ്ങിയ ആദ്യ വര്‍ഷങ്ങളില്‍ തന്നെ പുതിയ ആരാധനാപാത്രങ്ങളെ തേടിയ തങ്ങള്‍ തെറ്റുകാരല്ലെന്ന് വിളിച്ചു പറയാന്‍ അവര്‍ക്കു ലഭിച്ച അവസരവുമായി അത്…..പറഞ്ഞു വരുന്നത് ഒന്നിനു പിറകെ ഒന്നായി ആറു സ്വര്‍ണ്ണ പതക്കങ്ങള്‍ ഒളിമ്പിക്‌സ് വേദിയില്‍ സ്വന്തമാക്കിയ, ഭാരതത്തിന്റെ സ്വന്തം കളിയായ ഹോക്കിയെക്കുറിച്ചാണ്..ബ്രിട്ടീഷ് അടിമത്വത്തിലും അതിനു ശേഷവുമായി ഇരുപത്തിയെട്ടു വര്‍ഷം കിരീടം വെച്ച രാജാക്കന്മാരായി ഇന്ത്യന്‍ താരകങ്ങള്‍ കളം നിറഞ്ഞും വല നിറച്ചും മുന്നേറിയപ്പോള്‍ ദേശീയ കായിക വിനോദമെന്ന പൊന്‍ തൂവലും ഹോക്കിയ്ക്ക് ലഭിച്ചു.കണക്കെടുപ്പില്‍ ആകെ എട്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമുള്‍പ്പെടെ 11 മെഡലുകളാണ് 1928 മുതല്‍ 1980 വരെ നടന്ന12 ഒളിമ്പിക്‌സുകളില്‍ നിന്നായി ഹോക്കിതാരങ്ങള്‍ ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. എന്നാല്‍ കാലചക്രം തിരികെ കറങ്ങി. ഹോക്കിയില്‍ ഇന്ത്യ പ്രമാണിമാരല്ലാതായി. ഇതിനിടയില്‍ ചരിത്രപരമായൊരപരാധവും അരങ്ങേറി ,ഇന്ത്യ ഒളിമ്പിക്‌സിന്റെ ഭാഗമായതിനു ശേഷം ആദ്യമായി നമ്മുടെ ഹോക്കി ടീമില്ലാതെ 2008 ല്‍ ബെയ്ജിങ്ങില്‍ ഗെയിംസ് നടന്നു.അതിലും വലുതൊന്നും വരാനില്ലെന്നു ആശ്വസിച്ചിരുന്നപ്പോള്‍ അങ്ങ് ലണ്ടനില്‍ നിന്ന് നാണക്കേടിന്റെ പുതിയ ഭാരവും രാജ്യത്തിന്റെ പേരിനൊപ്പം ചാര്‍ത്തിക്കിട്ടി.കളിച്ച ഒരു മത്സരം പോലും ജയിക്കാതെ മത്സരിച്ച ടീമുകള്‍ക്കിടയിലെ അവസാന സ്ഥാനം എന്ന മായ്ച്ചാലും മറന്നാലും നിലനില്‍ക്കുന്ന നാണക്കേട്. ഒരുകാലത്ത് ഉയര്‍ന്നു പൊങ്ങി പറക്കുകയായിരുന്ന ഇന്ത്യന്‍ പതാക ഒളിമ്പിക് ഹോക്കി സമ്മാനദാന വേദികളില്‍ നിന്ന് തുടര്‍ച്ചയായി അപ്രത്യക്ഷമായിട്ട് ഇതു മുപ്പത്തിരണ്ടാം വര്‍ഷം..നുരഞ്ഞു പൊങ്ങിയത് എട്ടാം ഒളിമ്പ്യാഡിന്റെ ലഹരിയും.

ഏതൊരു ഭാരതീയനേയും കോരിത്തരിപ്പിക്കുന്ന കണക്കുകളാണ് തങ്ങളുടെ സുവര്‍ണ്ണകാലത്ത് ഹോക്കി ടീം പൊരുതി നേടിയത്.1928 മുതല്‍ 1956 വരെയുള്ള ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കാണ് അങ്ങനെയൊരു കാലയളവായി അറിയപ്പെടാന്‍ ഭാഗ്യം സിദ്ധിച്ചത്.ഇതിനിടയില്‍ നടന്ന ആറു ഒളിമ്പിക്‌സുകളിലായി ഇരുപത്തിനാലു മത്സരങ്ങള്‍ കളിച്ച ഇന്ത്യ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ആറു സ്വര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കിയത്.ആ മത്സരങ്ങളില്‍ എതിരാളികളൂടെ വലയിലേയ്ക്ക് ഇന്ത്യന്‍ ഹോക്കി സ്റ്റിക്കുകള്‍ വര്‍ഷിച്ചത് ശരാശരി 7.43 ഗോളുകള്‍ എന്ന കണക്കില്‍ 178 ഗോളുകള്‍ . വഴങ്ങിയത് വെറും ഏഴെണ്ണവും…..!!
1928 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യന്‍ ഹോക്കി ടീം ആദ്യമായി പങ്കെടുത്തത്.അവിടെ ഒരു ഗോളു പോലും വഴങ്ങാതെ ചാമ്പ്യന്മാരായപ്പോള്‍ മാസ്മരിക പ്രകടനത്തിലൂടെ പുല്‍ക്കൊടികളെ പോലും കോരിത്തരിപ്പിച്ചത് ഹോക്കി ഇതിഹാസമായ സാക്ഷാല്‍ ധ്യാന്‍ ചന്ദ് ആയിരുന്നു.ടൂര്‍ണ്ണമെന്റിലെ ടോപ്പ് സ്‌കോറര്‍ പദവി കരസ്ഥമാക്കിയ അദേഹം അഞ്ച് മത്സരങ്ങളില്‍ നിന്നായി 14 ഗോളുകളാണ് നേടിയത്.ഗോള്‍ കീപ്പര്‍ ഗോള്‍ നേടുന്ന അപൂര്‍വ്വതയ്ക്കും ആ ഒളിമ്പിക്‌സ് വേദിയായി.ഹോക്കി ഗോള്‍ കീപ്പര്‍മാര്‍ക്കിടയിലെ മഹാനായ ഇന്ത്യയുടെ റിച്ചാര്‍ഡ് അലന്‍ ആണ് ആ ഗോള്‍ നേടിയത്., .ആ ഒളിമ്പിക്‌സില്‍ ഇന്ത്യ കളിച്ച മത്സരങ്ങളെ ‘മാജിക്’ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ,ധ്യാന്‍ ചന്ദിനെ മാന്ത്രികനെന്നും. ഫൈനലില്‍ ആതിഥേയരായ നെതര്‍ലാണ്ടിനെയാണ് 30 എന്ന സ്‌കോറിന് ഇന്ത്യ പരാജയപ്പെടുത്തിയത്.വിജയശ്രീ ലാളിതരായി തിരികെയെത്തിയ ടീമിനെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് മുംബൈ തുറമുഖത്ത് അന്ന് തടിച്ചു കൂടിയത്. മത്സരിക്കാന്‍ പുറപ്പെടുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് യാത്രയാക്കാന്‍ എത്തിയിരുന്നതെന്നത് പരിശോധിക്കുമ്പോള്‍ ഇന്ത്യ നേടിയ വിജയം ജനങ്ങളിലുണ്ടാക്കിയ മതിപ്പ് വ്യക്തമാകും (പില്‍ക്കാലത്ത് ആദ്യ ലോകകപ്പ് നേടിയ ക്രിക്കറ്റ് ടീമിനും ഇതേ അനുഭവമായിരുന്നു).

1932 ലെ ലോസ് എയ്ഞ്ചലിസ് ഒളിമ്പിക്‌സിലും രാജകീയ പ്രകടനത്തിലൂടെയാണ് ഇന്ത്യ സ്വര്‍ണ്ണം നിലനിര്‍ത്തിയത്.മൂന്നു ടീമുകളൂം മൂന്ന് മത്സരങ്ങളും ആണ് ഇത്തവണ ഉണ്ടായിരുന്നത്.ഇന്ത്യയും ജപ്പാ!നും ആതിഥേയരായ അമേരിക്കയും. ആദ്യ മത്സരത്തില്‍ ഇന്ത്യ ജപ്പാനെ ഒന്നിനെതിരെ പതിനൊന്ന് ഗോളുകള്‍ക്ക് കീഴടക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ജപ്പാന്‍ അമേരിക്കയെ 92 എന്ന സ്‌കോറിനു തോല്‍പ്പിച്ചു. ഇന്ത്യ അമേരിക്കക്കെതിരെ ഫൈനലില്‍ ഏറ്റുമുട്ടി.ആ സമയത്തെ റെക്കോര്‍ഡ് വിജയമാണ് അന്ന് ഇന്ത്യ നേടിയത്, സ്‌കോര്‍ 241. ഇത്തവണ ധ്യാന്‍ ചന്ദിനൊപ്പം സഹോദരന്‍ രൂപ് സിങ്ങും തിളങ്ങി. മാധ്യമങ്ങള്‍ ഇരുവര്‍ക്കും ‘ഹോക്കി ട്വിന്‍സ്’ എന്ന വിശേഷണവും ചാര്‍ത്തിക്കൊടുത്തു.ഒളിമ്പിക്‌സിനു ശേഷം അമേരിക്കയിലും ഇംഗ്ലണ്ടിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമായി ഇന്ത്യ 37 മത്സരങ്ങള്‍ കളിച്ചു.അവയില്‍ 34 ജയവും രണ്ട് സമനിലയും വന്നപ്പോള്‍ ഒരു മത്സരം ഉപേക്ഷിച്ചു.338 ഗോളുകള്‍ ഈ മത്സരങ്ങളില്‍ ഇന്ത്യ അടിച്ചു കൂട്ടിയപ്പോള്‍ 133 എണ്ണം ധ്യാന്‍ ചന്ദിന്റെ മാന്ത്രിക ദണ്ഡില്‍ നിന്നായിരുന്നു.

ഇതിഹാസ താരം ധ്യാന്‍ ചന്ദിന്റെ നേതൃത്വത്തില്‍ തങ്ങളുടെ ഹാട്രിക് സ്വര്‍ണ്ണം തേടി 1936 ല്‍ ബെര്‍ലിനില്‍ എത്തിയ ഇന്ത്യന്‍ സംഘത്തിന് ആദ്യം തന്നെ അപ്രതീക്ഷിതമായി അടിതെറ്റി.ഒളിമ്പിക്‌സിനു മുന്നോടിയായി നടന്ന പ്രാക്ടീസ് ഗെയിമില്‍ ആതിഥേയരായ ജര്‍മ്മനി 41 ന് അവരെ തോല്‍പ്പിച്ചു.തുടര്‍ന്ന് ഫോമിലല്ലാതിരുന്ന മിര്‍സ മസൂദിന് പകരക്കാരനായി അലി ധാരയെ അയക്കാന്‍ ഇന്ത്യന്‍ മാനേജരായിരുന്ന പങ്കജ് ഗുപ്ത ഇന്ത്യന്‍ ഹോക്കി ഫെഡറേഷനോട് ആവശ്യപ്പെടുകയും ചെയ്തു.തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കളിച്ച ഇന്ത്യ തുടര്‍ന്ന് സെമി ഫൈനല്‍ വരെയും എതിരാളികളെ അരിഞ്ഞു വീഴ്ത്തി മുന്നേറി, ഒരു ഗോള്‍ പോലും വഴങ്ങാതെ.എന്നാല്‍ ഫൈനല്‍ ദിനത്തില്‍ കളിക്കാരെല്ലാം വല്ലാത്തൊരു മാനസികാവസ്ഥയിലായി..കാരണം അവര്‍ക്ക് എതിരിടേണ്ടത് തങ്ങളെ ഒളിമ്പിക്‌സിനു തൊട്ടു മുന്‍പ് തോല്‍പ്പിച്ച ജര്‍മനിയെ..! അന്നാദ്യമായി മത്സര ഫലത്തെക്കുറിച്ചോര്‍ത്ത് അവര്‍ ആശങ്കപ്പെട്ടു.രാജ്യത്തിന്റെ അഭിമാനം തങ്ങളുടെ തോളുകളിലാണെന്ന് ഓരോരുത്തരും ഓരോ നിമിഷവും ഓര്‍ത്തു കൊണ്ടിരുന്നിരിക്കണം.അതിന്റെ നേര്‍ക്കാഴ്ചയായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കണ്ടത്. ഒരു ഗോള്‍ ലീഡില്‍ ഇന്ത്യ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങുമ്പോള്‍ വിജയം മാത്രമായിരുന്നു കളിക്കാരുടെ ചിന്തകളിലുണ്ടായിരുന്നത്.ഇത് തിരിച്ചറിയാന്‍ ഒരു ഉദാഹരണം തന്നെ ധാരാളം, അന്ന് ആ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ധ്യാന്‍ ചന്ദ് തന്റെ ബൂട്ടുകളും സോക്‌സും അഴിച്ചു വെച്ചാണ് കളിച്ചത് ,കൂടുതല്‍ വേഗത്തിനായി…പരിശ്രമങ്ങള്‍ക്ക് പാരിതോഷികമായി മൂന്നാമതും സ്വര്‍ണ്ണം ഇന്ത്യന്‍ ക്യാമ്പിലെത്തി, 81 ന് ജര്‍മ്മനിയ്ക്ക് മേല്‍ വിജയം.അതില്‍ മൂന്ന് ഗോളുകള്‍ ധ്യാന്‍ ചന്ദിന്റെ വക.ആ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ വഴങ്ങിയ ഒരേ ഒരു ഗോളും ഫൈനലില്‍ ജര്‍മ്മന്‍കാരുടേതായിരുന്നു.
ആദ്യത്തെ മൂന്ന് ഒളിമ്പിക്‌സുകളിലുമായി ഇന്ത്യ വഴങ്ങിയത് രണ്ട് ഗോളുകള്‍ മാത്രം. അതില്‍ ആദ്യത്തേത് ലോസ് ആഞ്ചലിസില്‍ അമേരിക്ക നേടിയത്. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ റിച്ചാര്‍ഡ് അലന്‍ കളത്തിന് പുറത്ത് നിന്ന് ഓട്ടോഗ്രാഫ് ഒപ്പുവെക്കുമ്പോയാഴിരുന്നു അത്…!!! രണ്ടാമത് ഇന്ത്യ ഗോള്‍ വഴങ്ങിയത് മൂന്നാം ഫൈനലില്‍ ജര്‍മ്മനിക്കെതിരെയും.ഇത്തവണയും റിച്ചാര്‍ഡ് അലന്‍ ആയിരുന്നു കീപ്പര്‍.തന്റെ കരിയറിയില്‍ അദേഹം ആകെ വഴങ്ങിയതും ഈ രണ്ട് ഗോളുകളാണ്.ഇത് ഇന്നും റെക്കോര്‍ഡായി തുടരുന്നു.ഇതു കൂടാതെ മൂന്നു വട്ടം ജേതാക്കളായതും ആതിഥേയ രാജ്യങ്ങളെ തോല്‍പ്പിച്ചു കൊണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.മൂന്നു ഒളിമ്പിക്‌സുകളിലെ 12 മത്സരങ്ങളില്‍ നിന്നുമായി 33 ഗോളുകളാണ് ഹോക്കി ഇതിഹാസമായ ധ്യാന്‍ ചന്ദ് നേടിയത്…
ലോക പര്യടനം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ടീം എന്ന ഖ്യാതിയും ഇന്ത്യന്‍ ഹോക്കി ടീമിന്റെ പേരിലാണ്.1932 ല്‍ കൊളംബൊ,മലയ,ടോക്കിയോ,ലോസ് ഏഞ്ചലിസ്,ഒമാഹ,ഫിലാഡെല്‍ഫിയ,ആംസ്റ്റര്‍ഡാം,ബെര്‍ലിന്‍,ബുഡാപെസ്റ്റ് എന്നിവിടങ്ങളില്‍ പര്യടനം നടത്തുകയുണ്ടായി.ആസ്‌ട്രേലിയയിലും ന്യൂസിലാണ്ടിലും(1926) യൂറോപ്പിലും(1928) അമേരിക്കയിലു(1932) മൊക്കെ ഇന്ത്യയില്‍ നിന്നു പര്യടനം നടത്തിയതും ഹോക്കി ടീം ആയിരുന്നു.

ആദ്യ മൂന്നു സ്വര്‍ണ്ണങ്ങള്‍ നേടുമ്പോള്‍ ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യ സ്വാതന്ത്രാനന്തരം 1948 ലെ ആദ്യ ഒളിമ്പിക് ഹോക്കി സ്വര്‍ണ്ണം നേടിയത് അതേ ബ്രിട്ടനെ തോല്‍പ്പിച്ചു കൊണ്ടായിരുന്നു.അവരുടെ തട്ടകമായ ലണ്ടനിലെ വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ഇരുപത്തിയയ്യായിരത്തിലധികം വരുന്ന കാണികളെ സാക്ഷി നിര്‍ത്തി മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ബ്രിട്ടനെ അടിയറവു പറയിച്ചപ്പോള്‍ അതൊരു മധുര പ്രതികാരവുമായി.സ്വാതന്ത്രത്തിന്റെ അനന്തവിഹായസിനൊപ്പം വിഭജനത്തിന്റെ മുറിപ്പാടുകള്‍ പേറിയ ഇന്ത്യന്‍ പോരാളികളാണ് അന്ന് കിഷന്‍ ലാലിന്റെ നേതൃത്വത്തില്‍ സ്വര്‍ണ്ണം നിലനിര്‍ത്തിയത്.ധ്യാന്‍ ചന്ദിന്റെ മാന്ത്രികതയുടെ അനുഗ്രഹമില്ലാതെ ആദ്യമായി ഇന്ത്യ ഒളിമ്പിക്‌സിനെത്തിയതായിരുന്നു.അത്തവണ കരുത്തായത് എക്കാലത്തെയും മികച്ച താരങ്ങളെന്നു പേരെടുത്ത ബല്‍വീര്‍ സിങ്ങും ലെസ്ലീ ക്ലോഡിയസുമായിരുന്നു..ഇതേ ഒളിമ്പിക്‌സില്‍ പാക്കിസ്ഥാന്‍ നാലാമതെത്തി.ഇന്ത്യയുടെ ഹോക്കി പാരമ്പര്യത്തിന്റെ അടയാളമെന്നു തന്നെ പാക്കിസ്ഥാന്റെ ഹോക്കി വിജയങ്ങളെ പറയാം.

1952 ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സിലും ചരിത്രം ആവര്‍ത്തിച്ചു.ഇന്ത്യ തന്നെ ജേതാക്കള്‍.നെതര്‍ലന്റ്‌സിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തോല്ലിച്ച് അഞ്ചാം സ്വര്‍ണ്ണവുമായി നാട്ടിലേയ്ക്ക് വന്ന ടീമില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ബല്‍ വീര്‍ സിങ്ങ് ആയിരുന്നു.ഫൈനലില്‍ അഞ്ചു ഗോളുകളാണ് അദേഹം നേടിയത്.ഇത്തവണയും പാക്കിസ്ഥാന്‍ നാലാമതെത്തി.
ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണ കാലത്തെ അവസാന ശ്രേണിയിലാണ് 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സിന്റെ സ്ഥാനം.അത്തവണയും ജേതാക്കളായി തുടര്‍ച്ചയായുള്ള ആറാം സ്വര്‍ണ്ണവുമായി ഇന്ത്യ തിരികെയെത്തി.1928 ല്‍ ജൈത്രയാത്രയാരംഭിച്ചതിനു ശേഷം അക്കൊല്ലമാദ്യമായി ഇന്ത്യ ഒളിമ്പിക്‌സിലെ ഒരു മത്സരത്തില്‍ ഒരേ ഒരു ഗോള്‍ നേടുന്ന സന്ദര്‍ഭമുണ്ടായി, സെമിഫൈനലില്‍ ജര്‍മ്മനിക്കെതിരെ 1 0 ആയിരുന്നു ഫലം.എന്നാല്‍ ഒരു ഗോള്‍ പോലും ആ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ വഴങ്ങിയില്ല.ചരിത്രത്തില്‍ മറ്റൊരു താള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും മെല്‍ബണ്‍ വേദിയായി.രണ്ട് ഒളിമ്പിക്‌സുകള്‍ക്ക് മുന്‍പ് വരെ ഒത്തുചേര്‍ന്നു കളിച്ച് സഹോദരന്മാര്‍ കിരീടത്തിനായി പോരാടുന്നു.ഇന്ത്യയും പാക്കിസ്ഥാനും…ആദ്യമായി ഒളിമ്പിക്‌സില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നതും ആ ഫൈനലിലായിരുന്നു…അന്നും ഇന്ത്യ ഒരു ഗോള്‍ മാത്രമേ നേടിയുള്ളു.പാക്കിസ്ഥാനു മറുപടിയില്ലായിരുന്നു.പില്‍ക്കാലത്ത് ചിരകാല വൈരികള്‍ എന്ന വിശേഷണമാണ് ആ പോരാട്ടങ്ങള്‍ നേടിയത്..ഇന്ത്യയെക്കാള്‍ പാക്കിസ്ഥാന്‍ മുന്നേറുന്നതും നാം കണ്ടു.

ഇന്ത്യന്‍ ആധിപത്യം ഇല്ലാതായി എന്ന അവസ്ഥ ആ സമയത്തൊന്നും വന്നതേയില്ല.സ്വാതന്ത്രലബ്ദിക്കു ശേഷം എല്ലാ രംഗങ്ങളിലും ഇന്ത്യ മുന്നേറിക്കൊണ്ടിരുന്നു.വിഭജനത്തിന്റെ വേദന ജനങ്ങള്‍ അതിജീവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 1960 ലെ റോം ഒളിമ്പിക്‌സ് മുറിവുകളില്‍ വീണ്ടും രക്തം പൊടിയിച്ചു.പങ്കെടുത്തു തുടങ്ങിയതിനു ശേഷം അക്കൊല്ലമാദ്യമായി ഇന്ത്യ ജേതാക്കളല്ലാതായി.രണ്ടാം സ്ഥാനത്തിന്റെ പിന്നാമ്പുറത്തേയ്ക്ക് കൂപ്പുകുത്തി.തോല്‍വിക്കുമപ്പുറം അത് പാക്കിസ്ഥാനില്‍ നിന്നായിരുന്നു എന്നതാണ് ഏറ്റവും ദു:ഖകരമായത്.മെല്‍ബണിലെ അതേ സ്‌കോറ്,10, ഒരേ ഒരു വ്യത്യാസം ഇന്ത്യ ആദ്യമായി ജേതാക്കളല്ല.പാക്കിസ്ഥാന്‍ ആദ്യമായി ജേതാക്കളായി.

1964 ആയപ്പോള്‍ ഇന്ത്യ നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.ടോക്കിയോയില്‍ നടന്ന അത്തവണത്തെ ഒളിമ്പിക്‌സില്‍ ഏഴാം സ്വര്‍ണ്ണം ഇന്ത്യയ്ക്ക്. തോല്‍പ്പിച്ചത് തൊട്ടു മുന്‍പത്തെ ഒളിമ്പിക്‌സില്‍ തങ്ങളെ തോല്‍പ്പിച്ച് ജേതാക്കളായ പാക്കിസ്ഥാനെ, സ്‌കോര്‍ 10.രണ്ടു രാജ്യങ്ങളും നേര്‍ക്കുനേര്‍ വന്ന തുടര്‍ച്ചയായുള്ള മൂന്നാം ഫൈനല്‍.മൂന്നിലും ഒരേ സ്‌കോര്‍ നിരക്ക്,10. ഒരിക്കല്‍ പാക്കിസ്ഥാന്‍ ജേതാക്കളായപ്പോള്‍ രണ്ടു വട്ടം ഇന്ത്യ തന്നെ സ്വര്‍ണ്ണം നേടി.

1968 ലെ മെക്‌സിക്കൊ ഒളിമ്പിക്‌സ്, ഇന്ത്യന്‍ തകര്‍ച്ചയുടെ ശരിയായ തുടക്കം ഇവിടെ നിന്നാണെന്നു പറയാം.അക്കൊല്ലം ആദ്യമായി ഇന്ത്യ ഫൈനലില്‍ എത്തിയില്ല.സെമിഫൈനലില്‍ തോറ്റ ഇന്ത്യ നെതര്‍ലന്റ്‌സിനെ ലൂസേഴ്‌സ് ഫൈനലില്‍ തോല്‍പ്പിച്ച് വെങ്കലം നേടി.1972 ല്‍ ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ നടന്ന ഗെയിംസിലും വെങ്കലം കൊണ്ട് തൃപ്തിപെടാനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളു. സെമിയില്‍ 20 നു പാക്കിസ്ഥാനോട് തോറ്റു പുറത്തായി.അത്തവണത്തെ ഗെയിംസ് പാക്കിസ്ഥാനും വെസ്റ്റ് ജര്‍മ്മനിയും തമ്മില്‍ നടന്ന ഹോക്കി ഫൈനലിന്റെ പേരില്‍ വിവാദമായതുമാണ്.1920 ശേഷം ആദ്യമായി ഒരു യൂറോപ്യന്‍ ടീം സ്വര്‍ണ്ണം നേടുകയായിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനു പാക്കിസ്ഥാനെ വെസ്റ്റ് ജര്‍മ്മനി പരാജയപ്പെടുത്തി.എന്നാല്‍ സമ്മനദാന വേദിയില്‍ തങ്ങള്‍ക്ക് ലഭിച്ച വെള്ളി മെഡലിനെ കാലുകളിലാണ് പാക് കളിക്കാര്‍ അണിഞ്ഞത്.കൂടാതെ വെസ്റ്റ് ജര്‍മ്മനിയുടെ പതാകയ്ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുകയും ഡ്രസ്സിങ്ങ് റൂമില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു.ഇത്തരത്തിലുള്ള പാക്കിസ്ഥാന്‍ കളിക്കാരുടെ മര്യാദകെട്ട പെരുമാറ്റത്തെത്തുടര്‍ന്ന് അവരെ ആജീവനാന്തം വിലക്കുകയുണ്ടായി. പിന്നീട് ഉന്നതതലത്തില്‍ നിന്നുണ്ടായ ക്ഷമാപണത്തെത്തുടര്‍ന്ന് വിലക്ക് രണ്ട് വര്‍ഷമാക്കുകയും ചെയ്തു.

ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി നേരിട്ട ആദ്യത്തെ ഏറ്റവും വലിയ നാണക്കേട് 1976 ലെ മോണ്‍ട്രിയലില്‍ ആയിരുന്നു.പങ്കെടുത്തു തുടങ്ങിയതിനു ശേഷം ആദ്യമായി മെഡല്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല എന്നതില്‍ കവിഞ്ഞ് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചത് എന്ന വസ്തുത ഞെട്ടലുളവാക്കുന്നതായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നു ജയവും രണ്ടു തോല്‍വിയുമായി ആറു പോയിന്റ് ആയിരുന്നു ഇന്ത്യ നേടിയത്.ഇതേ അവസ്ഥയിലുണ്ടായിരുന്ന ആസ്‌ട്രേലിയ മികച്ച ഗോള്‍ ശരാശരിയില്‍ മുന്നേറിയപ്പോള്‍ ഇന്ത്യ പുറത്തായി.

1980 ലെ മോസ്‌കോ ഒളിമ്പിക്‌സിലെ ഹോക്കി മത്സരങ്ങള്‍ ഇന്ത്യന്‍ തിരിച്ചു വരവിനു സാക്ഷിയായി. നഷ്ടപ്പെട്ട സ്വര്‍ണ്ണം തിരിച്ചു പിടിച്ച ഇന്ത്യ ഹോക്കിയിലെ സുവര്‍ണ്ണകാലത്തെ ഓര്‍മ്മിപ്പിച്ചു. സ്‌പെയിനിനെ 43 എന്ന സ്‌കോറിന് തോല്‍പ്പിച്ചു കൊണ്ടാണ് എട്ടാം സ്വര്‍ണ്ണം വാസുദേവന്‍ ഭാസ്‌കരന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത്.എന്നാല്‍ അതിനുശേഷം നടന്ന ഒരു ഗെയിംസിലും ഇന്ത്യ മെഡല്‍ പട്ടികയില്‍ ഇടം നേടിയിട്ടില്ല.ഒളിമ്പിക്‌സില്‍ മാത്രമല്ലായിരുന്നു പരാജയം,എണ്‍പതുകള്‍ക്കു ശേഷം നടന്ന ഒരു പ്രമുഖ ടൂര്‍ണ്ണമെന്റിലും തങ്ങളുടെ പ്രമാണിത്വം ഉറപ്പിക്കാന്‍ ഇന്ത്യക്കായില്ല.മറ്റു രാജ്യങ്ങള്‍ ഏറെ മുന്നേറുകയും ചെയ്തു.1971 ല്‍ ആരംഭിച്ച ഹോക്കി ലോകകപ്പില്‍ 1975 ല്‍ ചാമ്പ്യന്മാരായതിനു ശേഷം ഒരിക്കലും കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല.2010 ല്‍ ഇന്ത്യയില്‍ ലോകകപ്പ് നടന്നപ്പോഴും എട്ടാം സ്ഥാനത്തെത്താനേ നമ്മുടെ ടീമിനു കഴിഞ്ഞുള്ളൂ.എല്ലാക്കൊല്ലവും മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പിലെ പ്രകടനങ്ങളാണ് ഇക്കാലയളവില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉണ്ടായത്.അതേസമയം ഇന്ത്യയില്‍ ജനപ്രീതിയില്‍ ഹോക്കിയെ പിന്തള്ളി ക്രിക്കറ്റ് മുന്നോട്ടു വരുകയും ചെയ്തു.എണ്‍പതുകളില്‍ ഹോക്കി പരാജയങ്ങളിലേയ്ക്ക് കൂപ്പുകുത്തിയ സമയത്താണ് ലോകകപ്പ് വിജയവും വിദേശമണ്ണിലെ ടെസ്റ്റ് വിജയവുമൊക്കെയായി ക്രിക്കറ്റ് ജനഹൃദയങ്ങളില്‍ നിറഞ്ഞത്.മാധ്യമങ്ങളിലൂടെ ക്രിക്കറ്റ് വാര്‍ത്തകള്‍ ജനങ്ങളിലേയ്‌ക്കൊഴുകിയപ്പോള്‍ വിജയവാര്‍ത്തകളിലൂടെ നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീമിനു കഴിയാതെ വന്നു.ഫലമോ..ദേശീയ കായികവിനോദമെന്ന ഹോക്കിയുടെ സ്ഥാനത്തിനു നേരെ പോലും ചോദ്യമുയര്‍ന്നു.ടെലിവിഷന്‍ ഇന്ത്യക്കാരന്റെ സ്വീകരണ മുറിയിലേയ്ക്ക് ക്രിക്കറ്റ് വിളമ്പിയപ്പോള്‍ സിക്‌സറുകളുടെ ഫോറുകളുടെയും ശരവേഗതയില്‍ ഹോക്കി മറവിയിലേയ്ക്ക് വീണു.ഒരിക്കലും ക്രിക്കറ്റിന്റെ ജനപ്രീതിയല്ല ഹോക്കിയ്ക്ക് വിനയായത്. മറിച്ച് അവരുടെ പരാജയങ്ങള്‍ തന്നെയായിരുന്നു.എന്നാല്‍ ചില യാഥാര്‍ത്ഥ്യത്തിനു നേരെ മുഖം തിരിച്ചു നില്‍ക്കുന്നവര്‍ ക്രിക്കറ്റിനെ കുറ്റപ്പെടുത്തുന്നുണ്ട്.അവിടെയാണ് കണക്കുകള്‍ പരിശോധിക്കേണ്ടത്. ഹോക്കി അന്താരാഷ്ട്ര രംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ മടിച്ചു നിന്നപ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ മേഖലയില്‍ വെന്നിക്കൊടിപാറിച്ചു.ജനങ്ങള്‍ സ്വാഭാവികമായും അവിടേയ്ക്ക് തിരിഞ്ഞു.ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്‌പോര്‍സര്‍ഷിപ്പുകളും പരസ്യചിത്രങ്ങളൂം മാധ്യമശ്രദ്ധയും ഒന്നിനുപുറകെ ഒന്നായി ലഭിച്ചുകൊണ്ടിരുന്നു.അതിനിടയില്‍ ഹോക്കി ഫെഡറേഷന്‍ കളിഭരണം തന്നെ മറന്നപ്പോള്‍ ക്രിക്കറ്റ് ഭരണാധികാരികള്‍ തങ്ങളുടെ ഗെയിമിനെ മികച്ചരീതിയില്‍ മാര്‍ക്കറ്റ് ചെയ്യാനും പഠിച്ചതോടെ മുന്‍തൂക്കം ക്രിക്കറ്റ് തന്നെ നേടി.ഹോക്കിയിലെ പരാജയങ്ങളുടെ കാരണമാണ് ആദ്യം തേടേണ്ടത്.ജനപിന്തുണയല്ല എക്കാലവും വിജയങ്ങള്‍ കൊണ്ടു വരുന്നത് മറിച്ച് വിജയങ്ങളാണ് ജനങ്ങളെ കളിയോട് അടുപ്പിക്കുന്നത്.ഹോക്കി താരങ്ങള്‍ക്ക് ലഭിക്കുന്ന അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്മ, ഭരണാധികാരികളുടെ അശ്രദ്ധ,പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ വരുന്ന പരാജയം ഇങ്ങനെ പലകാരണങ്ങളും ഇന്ത്യന്‍ ഹോക്കിയുടെ പരാജയത്തിനു പിന്നിലുണ്ട്.

തട്ടിയുമ്മുട്ടിയും ഇന്ത്യന്‍ ഹോക്കി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു.ഇടയ്ക്കിടയ്ക്ക് ആശ്വാസകിരണങ്ങളായി ചില കിരീടങ്ങളെത്തി.ഏഷ്യന്‍ ഗെയിംസിലും ഏഷ്യാകപ്പിലും രണ്ടു വീതം കിരീടങ്ങള്‍,സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പിലെ അഞ്ച് കിരീടങ്ങള്‍, ഹൂക്കി ചാമ്പ്യന്‍സ് ചലഞ്ച്, ആഫ്രോ ഏഷ്യന്‍ ഗെയിംസ്,ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലെ ഒരോ കിരീടങ്ങളുമാണ് മാസ്മരികമായൊരു പഴയകാലത്തിന്റെ സ്മരണയില്‍ കഴിയുന്ന ഇന്ത്യന്‍ ഹോക്കി ടീം ഈ സമയങ്ങളില്‍ നേടിയത്.മുടന്തി നീങ്ങിക്കൊണ്ടിരുന്ന ഹോക്കി ടീം ഒടുവില്‍ തങ്ങളുടെ സുവര്‍ണ്ണകാലഘട്ടത്തിലെ പൂര്‍വികരുടെ ആത്മാക്കളെ പോലും വേദനിപ്പിക്കുന്ന അവസ്ഥയിലും ചെന്നെത്തി.ഇന്ത്യന്‍ ഹോക്കി ടീമില്ലാതെ 1928 നുശേഷം ആദ്യമായൊരു ഒളിമ്പിക്‌സ്.ബെയ്ജിങ്ങിലേയ്ക്ക് യോഗ്യത നേടാനാകാതെ ഇന്ത്യന്‍ കളിക്കാര്‍ നിസ്സഹായരായപ്പോള്‍ തകര്‍ച്ചയിലേയ്ക്ക് വീണുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഹോക്കിയുടെ നേര്‍ചിത്രമാണ് വെളിവായത്.മുറവിളികള്‍ നാലുപാടുനിന്നും ഉയര്‍ന്നു.കുറ്റപ്പെടുത്തലുകളും….നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ലണ്ടന്‍ ഒളിമ്പിക്‌സിലേയ്ക്ക് ലോകം ചുവടൂവെച്ചപ്പോള്‍ ഫ്രാന്‍സിനെ അവസാന യോഗ്യത മത്സരത്തില്‍ 81നു പരാജയപ്പെടുത്തി ഇന്ത്യയും പോരാട്ട നിരയിലെത്തി.എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൈവിട്ട സാമ്രാജ്യത്തെ വീണ്ടെടുക്കാനുള്ള ആയുധങ്ങള്‍ ഇന്ത്യയുടെ പടപ്പുരയിലുണ്ടായിരുന്നില്ല.. ആയുധമെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം……..സ്വര്‍ണ്ണമില്ലെങ്കിലും മുന്‍ നിരയില്‍ ഒരു സ്ഥാനം ലഭിച്ചാലും ഇന്നത്തെ അവസ്ഥയില്‍ ഇന്ത്യന്‍ ഹോക്കിയ്ക്ക് നഷ്ടപ്രതാപത്തിലേയ്ക്ക് തിരിച്ചു പോകാനുള്ള വഴിമരുന്നാകുമെന്ന് സ്വപ്നം കണ്ടിരുന്നവരെയൊക്കെ പേക്കിനാവു കാണുന്നവരാക്കി ഇന്ത്യന്‍ കളിക്കാര്‍ സമാനതകളില്ലാത്ത നാണക്കേടുമായി തിരികെയെത്തിക്കഴിഞ്ഞു.ഇതിലും ഭേദം ഇപ്രാവശ്യവും ഹോക്കി ടീം പങ്കെടുക്കാതിരുന്നെങ്കില്‍ അത്രയും നാണക്കേടു കുറച്ചേ ഉണ്ടാകുമായിരുന്നുള്ളു എന്ന മുറവിളികളും ഉയര്‍ന്നു കഴിഞ്ഞു.വിദേശ പരിശീലകനും വിദേശ പര്യടനങ്ങളും യഥേഷ്ഠം ലഭിച്ച ടീമിന് ലണ്ടനില്‍ ഇന്ത്യയുടെ മുഖം രക്ഷിക്കാന്‍ പോലും കഴിഞ്ഞില്ല എന്നത് അവിശ്വസനീയവും ദുരൂഹവുമായി തുടരുന്നു. വരും ദിനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട തലകള്‍ ഉരുളുന്നതിനാകും നാം കാഴ്ചക്കാരാകുക. സുവര്‍ണ്ണകാലമില്ലെങ്കിലും തോളില്‍ തൂങ്ങുന്ന മാറാപ്പിന്റെ ഭാരം ദേശീയ കായിക വിനോദത്തിനെ അന്ത്യശ്വാസം വലിപ്പിക്കുന്നതിലേക്കെത്തിക്കാതെയിരിക്കട്ടെ എന്നു പ്രത്യാശിക്കാം…