കൊച്ചി മെട്രോ അട്ടിമറിക്കപ്പെട്ടതായി വി.എസ്

single-img
31 October 2012

കൊച്ചി മെട്രോ അട്ടിമറിക്കപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഭൂവിനിയോഗ ബില്ലിനെക്കുറിച്ചും മെട്രോ വിഷയവും ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊച്ചി മെട്രോയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണവും വി.എസ് നിഷേധിച്ചു. പാലം നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും സ്ഥലമേറ്റെടുപ്പും ആരംഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. കൊച്ചി മെട്രോയ്ക്കായി താന്‍ നടത്തിയ ശ്രമങ്ങളെ തറക്കല്ലിടീല്‍ ചടങ്ങില്‍ എ.കെ ആന്റണി പരാമര്‍ശിച്ച കാര്യവും വി.എസ് സൂചിപ്പിച്ചു. കമ്മീഷനടിക്കാനാണ് ഡിഎംആര്‍സിയെ ഒഴിവാക്കുന്നതെന്നും ടോം ജോസ് ബാംഗളൂരില്‍ പോയി ചര്‍ച്ച നടത്തിയതും ചീഫ് സെക്രട്ടറി മലേഷ്യയില്‍ പോയി ചര്‍ച്ച നടത്തിയതും എന്തിനാണെന്നും വി.എസ് ചോദിച്ചു. പദ്ധതി ഡിഎംആര്‍സിക്ക് നല്‍കുമെന്ന് ഉറപ്പില്ലാത്തതിനാലും അട്ടിമറിശ്രമം മുന്നില്‍ കണ്ടുമാണ് തറക്കല്ലിടീല്‍ ചടങ്ങില്‍ താന്‍ പങ്കെടുക്കാതിരുന്നതെന്നും വി.എസ് പറഞ്ഞു.