കൊച്ചി മെട്രോയ്ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി

single-img
31 October 2012

പ്രതിസന്ധിയിലായ കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡിഎംആര്‍സിയെ ഏല്‍പിക്കാനായി ഡല്‍ഹിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അടുത്ത മാസം ഏഴിനും എട്ടിനും ഇതിനായി ഡല്‍ഹിയിലേക്ക് പോകുമെന്നും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ രാവിലെ മുഖ്യമന്ത്രിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഇ. ശ്രീധരനുമായി ചര്‍ച്ച ചെയ്തിരുന്നു. താനും ആര്യാടന്‍ മുഹമ്മദുമായിരിക്കും ഡല്‍ഹിയില്‍ പോകുകയെന്നും ഇ. ശ്രീധരനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ഏലിയാസ് ജോര്‍ജും ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തുമായും കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥുമായും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.