ഭൂവിനിയോഗ ബില്‍ പാരിസ്ഥിതിക്ക് ദോഷം: ജി. സുകുമാരന്‍ നായര്‍

single-img
31 October 2012

സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന ഭൂവിനിയോഗ ബില്‍ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സാമൂഹികവ്യവസ്ഥയെ തകിടംമറിക്കുമോ എന്ന് സംശയിക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. 2008-ലെ കേരള നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണനിയമം സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുണ്ട്. പുതിയ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ നിലവിലുള്ള ഈ നിയമം അപ്രസക്തമാകും. നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണനിയമത്തില്‍ നെല്‍വയലുകളില്‍ വീടുവയ്ക്കുന്നതിനൊഴികെ അവ നികത്തുവാന്‍ വ്യവസ്ഥയില്ല. തണ്ണീര്‍ത്തടങ്ങളാകട്ടെ, ഒരു കാരണവശാലും നികത്തുവാന്‍ പാടില്ലാ എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, പുതിയ ഭൂവിനിയോഗബില്ലില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടെ കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിച്ചു വരുന്ന ഭൂമി, കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ വിനോദസഞ്ചാരമുള്‍പ്പെടെ മറ്റേത് ആവശ്യത്തിനും ഉപയോഗിക്കാന്‍ വ്യവസ്ഥചെയ്യുന്നതായിട്ടാണ് അറിയുന്നത്. ഈ ബില്‍ ഇതേരീതിയില്‍ നടപ്പില്‍ വരികയാണെങ്കില്‍, കേരളത്തിലെ നെല്‍വയലുകള്‍ വ്യാപകമായി നികത്തപ്പെടും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.