സാന്‍ഡി വന്‍നാശം വിതയ്ക്കുന്നു; ന്യൂയോര്‍ക്കില്‍ പത്തു മരണം

single-img
29 October 2012

അമേരിക്ക നേരിടുന്ന ഏറ്റവും വിനാശകാരിയായ സാന്‍ഡി ചുഴലിക്കാറ്റ് ന്യൂയോര്‍ക്കില്‍ വന്‍നാശം വിതച്ചു. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം പത്തിലധികം പേര്‍ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ സമയം, തിങ്കളാഴ്ച വൈകുന്നേരം എട്ടു മണി(ഇ.റ്റി.)യോടെ സാന്‍ഡി ചുഴലിക്കാറ്റ് ന്യൂജേഴ്‌സി തീരത്ത് അടിച്ചുതുടങ്ങി. ഇതേത്തുടര്‍ന്ന് നോര്‍ത്ത് കരോളിന മുതല്‍ മെയിന്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും മഴയും പെയ്യുന്നുണ്ട്. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദി കരകവിഞ്ഞൊഴുകുകയാണ്. അമേരിക്കയുടെ വടക്കന്‍ ഉള്‍പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. ഈ സ്ഥിതിവിശേഷം ദിവസങ്ങളോളം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിനൊന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡിസിയിലുമായി ലക്ഷക്കണക്കിനു ആളുകള്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതേത്തുടര്‍ന്ന് ഇരുട്ടിലായി. ഇതു ജനജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയിരിക്കുകയാണ്.