National

ഇറ്റാലിയന്‍ നാവികര്‍ക്ക് പിന്തുണ: ഫെറാരിക്കെതിരേ വിദേശകാര്യമന്ത്രാലയം

മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് പിന്തുണ പ്രകടിപ്പിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ മത്സരിക്കുമ്പോള്‍ ഇറ്റാലിയന്‍ നാവികസേനയുടെ പതാക വാഹനത്തില്‍ വെയ്ക്കാനുള്ള ഫോര്‍മുല വണ്‍ ടീമായ ഫെറാരിയുടെ തീരുമാനത്തെ വിമര്‍ശിച്ച് വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. കായിക മത്സരങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഇതിന് കായിക സ്വഭാവമില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് സയീദ് അക്ബറുദ്ദീന്‍ പറഞ്ഞു. കൊല്ലം തീരത്ത് വെച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തിലാണ് ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ഗീറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവര്‍ ജയിലില്‍ കഴിയുന്നത്. ഇന്ത്യയും ഇറ്റലിയും തമ്മിലുളള നയതന്ത്ര തര്‍ക്കത്തിന് വരെ വിഷയം ഇടയാക്കിയിരുന്നു.