ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി

single-img
25 October 2012

വര്‍ദ്ധിച്ച ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായി. മന്ത്രി ആര്യാടന്‍ മുഹമ്മദുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നവംബര്‍ 10-ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഇതോടെ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഈ മാസം 31-ന് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് മാറ്റിവെയ്ക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു. ഓട്ടോയുടെ മിനിമം ചാര്‍ജ് 12 രൂപയില്‍ നിന്നും 15 രൂപയാക്കണമെന്നാണ് ശിപാര്‍ശ. കിലോമീറ്റര്‍ നിരക്ക് ഏഴ് രൂപയില്‍ നിന്നും എട്ട് രൂപയാക്കാനും കമ്മിറ്റി നിര്‍ദ്ദേശിച്ചു. ടാക്‌സി മിനിമം ചാര്‍ജ് 60 രൂപയില്‍ നിന്നും 100 ആയി ഉയര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. കിലോമീറ്റര്‍ നിരക്ക് എട്ട് രൂപയില്‍ നിന്നും 10 രൂപയാക്കി വര്‍ധിപ്പിക്കാനും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു.