വാര്‍ത്ത മുക്കാന്‍ ചാനല്‍ 100 കോടി രൂപ ചോദിച്ചു

single-img
25 October 2012

കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രമുഖ വാര്‍ത്താ ചാനലായ സീ ന്യൂസ്,സീ ബിസിനസ് ടെലിവിഷന്‍ ചാനലുകള്‍ 100 കോടി രൂപ കോഴ ചോദിച്ചതായി കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാല്‍.തനിക്കെതിരെ അപവാദപ്രചാരണം നടത്തിയതിനും അപമാനകരമായ വാര്‍ത്തകള്‍ നല്‍കിയതിനും സീ ടി.വിക്കെതിരെ ക്രിമിനല്‍ക്കേസ് നല്‍കിയതായും ജിന്‍ഡാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ചാനല്‍ എഡിറ്റര്‍ സുധീര്‍ ചൗധരി, സീ ബിസിനസ്‌ മേധാവി സമീര്‍ അലുവാലിയ എന്നിവര്‍ പണം ആവശ്യപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടങ്ങിയ സിഡികളും ജിന്‍ഡാല്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്‌തു. സീ ന്യൂസ് അധികൃതര്‍ സെപ്റ്റംബര്‍ 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ പണം ആവശ്യപ്പെട്ട് മൂന്നുതവണ തങ്ങളുമായി ചര്‍ച്ച നടത്തിയതായി നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു. കല്‍ക്കരി കുംഭകോണത്തില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന്റെ ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങളും തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അത് പുറത്തുവിടാതിരിക്കാന്‍ പണംനല്‍കണമെന്നുമായിരുന്നു ആവശ്യം.

ചാനല്‍ പ്രതിനിധികളുടെ പെരുമാറ്റം ലജ്ജാകരമായ ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമാണെന്നും അത് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തത്ത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും ജിന്‍ഡാല്‍ പറഞ്ഞു.അതേസമയം ജിന്‍ഡാലിന്റെ ആരോപണം ശരിയല്ലെന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ പുനീത് ഗോയങ്ക പറഞ്ഞു. വാര്‍ത്ത നല്‍കുന്നത് നിര്‍ത്തിവച്ചാല്‍ കൈക്കൂലി നല്‍കാമെന്ന നിര്‍ദേശവുമായി ജിന്‍ഡാലിന്റെ ഉദ്യോഗസ്ഥര്‍ സമീപിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മുന്‍പും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടൊന്നും സത്യം പുറത്തുകൊണ്ടുവരുന്നത് തടയാനാവില്ല. സീ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയും ആരോപണങ്ങള്‍ നിഷേധിച്ചു. സീ ടിവിയിലെ മാധ്യമ പ്രവര്‍ത്തകര്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

httpv://www.youtube.com/watch?v=WFhfPn95hKg