പുറംപണിക്ക് ഡിഎംആര്‍സിക്ക് വിലക്കില്ലെന്ന് ഷീലാ ദീക്ഷിത്; സംസ്ഥാനം കത്തയയ്ക്കുമെന്ന് ആര്യാടന്‍

single-img
23 October 2012

ഡല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഡിഎംആര്‍സിക്ക് വിലക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഡല്‍ഹി മെട്രോയ്ക്ക് വേണ്ടിയാണ് ഡിഎംആര്‍സി രൂപീകരിച്ചത്. എന്നാല്‍ നിലവില്‍ അവരുടെ വൈദഗ്ധ്യം ആര്‍ക്ക് വേണമെങ്കിലും ഉപയോഗിക്കാം. ഇ. ശ്രീധരന്‍ കൊച്ചി മെട്രോയുടെ ചുമതല വഹിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. അതേസമയം ഇ. ശ്രീധരന്റെ സേവനം കേരളത്തിന് ആവശ്യമുണ്‌ടെന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഡിഎംആര്‍സിക്ക് കത്തയയ്ക്കും. റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദായിരിക്കും കത്തയയ്ക്കുക. രാവിലെ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആര്യാടന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇ. ശ്രീധരനെതിരേ കേന്ദ്ര നഗരവികസന സെക്രട്ടറിക്ക് കത്തയച്ച കെഎംആര്‍എല്‍ മുന്‍ എംഡി ടോം ജോസിന്റെ നടപടി മര്യാദകേടാണെന്ന് ആര്യാടന്‍ പറഞ്ഞു. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ ഇത്തരം നിലപാടെടുത്താല്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.