പാക്കിസ്ഥാന്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന് വേദിയാകുന്നു

single-img
20 October 2012

പാക്കിസ്ഥാന്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. മൂന്നര വര്‍ഷത്തിന് ശേഷമാണ് പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര മത്സരത്തിന് കളമൊരുങ്ങുന്നത്. ലോക ഇലവനും പാക്കിസ്ഥാന്‍ സ്റ്റാര്‍ ഇലവനും തമ്മില്‍ രണ്ടു ട്വന്റി-20 മത്സരം പാക്കിസ്ഥാനില്‍ നടക്കും. ഈയാഴ്ച അവസാനമാണ് മത്സരങ്ങള്‍ നടക്കുക. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ജയസൂര്യയാണ് ലോക ഇലവനെ നയിക്കുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ അന്ദ്രേ നെല്‍, നാന്റി ഹേവാര്‍ഡ് വെസ്റ്റിന്‍ഡീസ് താരങ്ങളായ റിക്കാര്‍ഡോ പവല്‍, ജെര്‍മിയന്‍ ലോസണ്‍ തുടങ്ങിയവരും ടീമിലുണ്ട്. ഷാഹിദ് അഫ്രീദിയാണ് പാക്ക് ഇലവനെ നയിക്കുന്നത്. ഉമര്‍ ഗുല്‍, വഹാബ് റിയാസ്, ഉമര്‍ അക്മല്‍, യൂനിസ് ഖാന്‍, ഷൊയ്ബ് മാലിക്ക് തുടങ്ങിയവരും പാക്കിസ്ഥാന് വേണ്ടി പാഡണിയും. 2009 മാര്‍ച്ചില്‍ ലാഹോറില്‍ ശ്രീലങ്കന്‍ ടീമിനെതിരേയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നിര്‍ത്തിയത്.