ബിജെപി സര്‍ക്കാരുള്ളിടത്തു കൂടുതല്‍ അഴിമതി: സോണിയ

single-img
18 October 2012

അഴിമതിക്കെതിരേ കോണ്‍ഗ്രസിനെപ്പോലെ മറ്റാരും പോരാടിയിട്ടില്ലെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു കൂടുതല്‍ അഴിമതി നടക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മംഗലാപുരം നെഹ്‌റു മൈതാനിയില്‍ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംയുക്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിവരാവകാശ നിയമം ഉള്‍പ്പെടെ കൊണ്ടുവന്നതു യുപിഎ സര്‍ക്കാരാണ്. അഴിമതി തടയാനുള്ള ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാകാതിരുന്നതിനു പിന്നില്‍ ബിജെപിയാണെന്നും സോണിയാഗാന്ധി കുറ്റപ്പെടുത്തി. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടു മനസിലാക്കി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു ഉപഭോക്താവിനു ഒമ്പതു പാചകവാതക സിലിണ്ടറുകള്‍ നല്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനനന്മയാണു ആഗ്രഹിക്കുന്നതെങ്കില്‍ ബിജെപിയും ഇതിനു തയാറാകണമെന്നു സോണിയ ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ സമസ്ത മേഖലയിലും അഴിമതി വ്യാപിച്ചിരിക്കുകയാണ്. ബിജെപിഭരണത്തില്‍ ജനങ്ങള്‍ മടുത്തു. അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ സംസ്ഥാനത്തുനിന്നും തൂത്തെറിയും.-സോണിയ പറഞ്ഞു.