വിളപ്പില്‍ശാല : ശോഭനകുമാരിയെ അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റി

single-img
16 October 2012

പുകഞ്ഞുനില്‍ക്കുന്ന വിളപ്പില്‍ശാല മാലിന്യ ഫാക്ടറി പ്രശ്‌നത്തില്‍ നാല് ദിവസമായി നിരാഹാരം നടത്തിവന്ന വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മണിയോടെ വന്‍ പോലീസ് സംഘമെത്തിയാണ് ശോഭനകുമാരിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം ആരംഭിച്ചത്. ഗോ ബാക്ക് വിളികളോടെയാണ് ജനങ്ങള്‍ പോലീസിനെ എതിരേറ്റത്. ഒടുവില്‍ ശോഭനകുമാരിയെ പരിശോധിച്ച ഡോക്ടര്‍ സതീഷ്‌കുമാര്‍ അവരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മൈക്കിലൂടെ അറിയിച്ചതോടെയാണ് നാട്ടുകാര്‍ പോലീസ് നടപടിക്ക് സമ്മതം നല്‍കിയത്. ശോഭനകുമാരിയുടെ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും നാല് ദിവസമായി ആഹാരം കഴിക്കാത്തതിനാല്‍ ആശുപത്രിയിലെത്തിച്ച് ഐവി ഫ്‌ളൂയിഡും ബാക്കി ചികിത്സകളും നല്‍കേണ്ടതുണ്‌ടെന്നും ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ നീതി ലഭിക്കാതെ താന്‍ എങ്ങോട്ടും പോകുന്നില്ലെന്നും യാതൊരു പ്രശ്‌നവുമുണ്ടാകാതിരിക്കാന്‍ എല്ലാവരും തനിക്ക് ധൈര്യം തരികയാണ് വേണ്ടതെന്നുമുള്ള ശോഭനകുമാരിയുടെ വാക്കുകള്‍ സമരവേദിയിലെ മൈക്കിലൂടെ പുറത്തുവന്നതോടെ ജനങ്ങള്‍ വീണ്ടും പോലീസ് മടങ്ങിപ്പോകണമെന്ന മുദ്രാവാക്യം വിളിച്ചു.