മുല്ലക്കുടി

single-img
16 October 2012

തുരുത്തുകളും ദ്വീപുകളും പിന്നിട്ട് അല്ലലില്ലാതെ വിഹരിക്കുന്ന മൃഗങ്ങളേയും, മരക്കുറ്റികളില്‍ വിശ്രമിക്കുന്ന പക്ഷിജാലങ്ങളെയും കണ്ട് ബോട്ടില്‍ ഒരു യാത്ര. തേക്കടിയില്‍ നിന്നും െപരിയാറിലൂടെ ഒഴുക്കിനെതിരെ മുന്ന് മൂന്നര മണിക്കൂര്‍ നീണ്ട സഞ്ചാരം. മുല്ലയാറും പെരിയാറും തമ്മില്‍ ചേരുന്ന മുല്ലക്കുടിയിലെത്തിയാല്‍ രാത്രികാട്ടാനകളുടെ ചിന്നംവിളികള്‍ക്കും രാപ്പാടികളുടെ സദിരിനും നടുവില്‍ കൊടും കാട്ടില്‍ താമസം. സ്വപ്‌നത്തില്‍ മാത്രം കാണാന്‍ കഴിയുന്ന ഒരനുഭവം സമ്മാനിക്കുകയാണ് ഇടുക്കി ജില്ലയിലെ മുല്ലക്കുടി.

തലേദിവസം തേക്കടിയിലെത്തിയ ഞങ്ങള്‍ സാധാരണ പോലെ ബോട്ട്‌യാത്രയും മറ്റും കഴിഞ്ഞ് തങ്ങാന്‍ തിരഞ്ഞെടുത്തത് കെ.റ്റി.ഡി.സി ഹോട്ടലായിരുന്നു- ലേക്ക് പാലസ്. തേക്കടിയിലേക്കുള്ള യാത്രയെന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞിരുന്നെങ്കിലും ലക്ഷ്യം മുല്ലക്കുടിയായിരുന്നു. പിറ്റേന്നു പത്തു മണിക്കു തന്നെ യാത്രയ്ക്ക് തയ്യാറായി ഞങ്ങള്‍ ബോട്ടു ജട്ടിയിലെത്തി. വളരെ നാളത്തെ സ്വപ്‌നങ്ങളില്‍ ഒന്നായ മുല്ലക്കുടി യാത്രയ്ക്ക് തയ്യാറായി.
ആദ്യത്തെ അരമണിക്കൂര്‍ പുഴയില്‍ വേറെയും ബോട്ടുകളുണ്ടായിരുന്നു. സഞ്ചാരികളുടെ സംഘങ്ങള്‍ തേക്കടിയുടെ അതിര്‍ത്തിവരെ മാത്രം. പിന്നെ ഞങ്ങള്‍ തനിച്ചായിരുന്നു. പ്രത്യേക അനുമതി ആവശ്യമുള്ള നിബിഡവനമേഖലയിലൂടെയാണ് യാത്ര. സൂര്യനെ മറയ്ക്കുന്ന വന്‍ വൃക്ഷങ്ങള്‍, പുഴയിലേക്കിറങ്ങിക്കിടക്കുന്ന മരച്ചാര്‍ത്തുകള്‍, ഊഞ്ഞാല്‍ വള്ളികള്‍അതിലാകെ പാറിക്കളിക്കുന്ന പക്ഷിക്കൂട്ടങ്ങള്‍. ഇരുകരകളിലും വെള്ളംകുടിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ മിന്നിമറയുന്നു. പുഴനിറയെ തുരുത്തുകളാണ്. വെള്ളത്തില്‍ തട്ടിച്ചിതറുന്ന വെയില്‍ നാളങ്ങള്‍. ലോകത്തെവിടെയും കാണാത്ത അപൂര്‍വ്വ സസ്യങ്ങളും പക്ഷികളുമുള്ള ജൈവനിലം. അതിലൂടെയുള്ള യാത്ര ആദിമമായ ആനന്ദത്തിലേക്കുള്ള ഒരു തിരിച്ചുപോക്കുപോലെ തോന്നി.
നൂറുവയസ്സ് പിന്നിട്ട മരക്കുറ്റികളാണ് പുഴനിറയെ. നല്ല പരിചയമുള്ളവര്‍ക്കേ ഇതിലൂടെ ബോട്ട് ഓടിക്കാനാകു. ഓരോ മരക്കുറ്റിയിലും ഹോന്‍ബില്ലുകളോ പൊന്‍മാനുകളോ ഉണ്ടാകും. ഒരു സുഹൃത്ത് മുന്‍പൊരിക്കല്‍ ഇതുവഴി വന്നപ്പോള്‍ പുഴയിലേക്കിറങ്ങിക്കിടന്ന ഒരു കുന്നിന്‍ചരുവില്‍ വേഴാമ്പലുകളെ കൊണ്ട് നിറഞ്ഞ മരം കണ്ടതായി പറഞ്ഞതോര്‍ക്കുന്നു. പക്ഷേ ഇക്കുറി ഹോന്‍ബില്ലുകളെ അധികം കാണാനില്ല.
മാര്‍ച്ചിന്റെ ചൂടില്‍ പുകഞ്ഞു നില്‍ക്കുന്ന പുല്‍മേടുകള്‍ താണ്ടി, പുഴയിലൂടെ ബോട്ട് മുന്നോട്ട് നീങ്ങി. മുല്ലക്കുടിയോട് അടുക്കുംതോറും കാടിന്റെ ഭംഗി കൂടിവന്നു. കാടിന്റെ ജീവിതം പൂത്തുലയുന്നത് പുഴക്കരകളിലാണ്. പുഴയിലേക്കിറങ്ങിക്കിടക്കുന്ന ഓരോ ചെരുവിലും പച്ചപ്പുല്ലും തിന്ന് പുഴവെള്ളവും കുടിച്ച് ആനകളോ മാനുകളോ മേയുന്നുണ്ടാകും. മീന്‍പിടിക്കുന്ന ാദിവാസികളെയും പുഴയിലുടനീളം കാണാം. വലിയ ചൂണ്ടയുമായി പുഴക്കരയില്‍ കുത്തിയിരിക്കുന്ന ഇവര്‍ക്കു മാത്രമേ ിവിടെ നിന്നും മീന്‍പിടിക്കുവാന്‍ അനുമതിയുള്ളു. വേനലിന്റെ കാഠിന്യം കൊണ്ട് പച്ചപ്പിനും നേരിയ കുറവുണ്ട്.
വേനല്‍കാലത്തുള്ള യാത്ര കാട്ടിലെ മൃഗങ്ങളെ കാണാന്‍ കിട്ടുന്ന അവസരമാണ്. ചൂട് സഹിക്കാനാകാതെ മൃഗങ്ങള്‍ കൂട്ടമായി പുഴയിലേക്കിറങ്ങുന്ന സമയം. നീരാടുന്ന കൊമ്പന്‍മാരും ചെളിയില്‍ കുത്തിമറിയുന്ന കാട്ടുമൃഗങ്ങളും ിക്കാലത്ത് സമൃദ്ധമായ കാഴ്ചയാണ്. പെരിയാര്‍ സങ്കേതത്തിലെ കടുവകളും പുഴക്കരയിലെത്തും. യാത്രയിലുടനീളം നദീതീരത്ത് ഞങ്ങള്‍ ആനകളെ കാണുന്നുണ്ടായിരുന്നു. നൂറുകണക്കിന് മാനുകള്‍ വേറെയും.
മുല്ലക്കുടിയിലെ ഫോറസ്റ്റ് ക്യാമ്പിലാണ് ഇന്ന് രാത്രി താമസം. ഉള്‍ക്കാട്ടില്‍ പുഴക്കരയില്‍ മനോഹരമായ ഒരു സ്രാമ്പി. ഉയരമുള്ള കാലുകളില്‍ മരംകൊണ്ട് പണിത രണ്ടു മുറികളുള്ള സുന്ദരമായ ഒരുഗസ്റ്റ്ഹൗസ്. അതുകണ്ടാല്‍ ഒരു രാത്രിയെങ്കിലും അവിശട ചിലവിടാന്‍ കൊതിക്കാത്തവറുണ്ടാകില്ല. ഇന്നലെ താമസം തേക്കടിയിലെ കെ.റ്റി.ഡി.സിയിലായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ വേനല്‍ക്കാല വസതിയായിരുന്ന ലേക്ക് പാലസ് ഇപ്പോള്‍ കെ.റ്റി.ഡി.സിയുടെ കീഴിലാണ്. തേക്കടിയിലെത്തുന്ന യാത്രികര്‍ക്ക് ഒരു പ്രലോഭനമാണ് അതും. അപൂര്‍വ്വ സുന്ദരമായ ഒരു വാസ്തുശില്‍പ്പം പോലെ തലയുയര്‍ത്തി നില്‍ക്കുന്ന സ്വപ്‌നലോകത്തെ സുവര്‍ണക്കൊട്ടാരം.എന്നാല്‍ മുല്ലക്കുടിയിലെ ഏകാന്ത വന നിബിഡതയില്‍ ഒളിച്ചിരിക്കുന്ന ഈ ലളിതമായ സ്രാമ്പിയാണ് പ്രൗഡമായ ലേക്ക് പാലസിനേക്കാള്‍ വനസഞ്ചാരികളെ മോഹിപ്പിക്കുന്നത്.
മുല്ലക്കുടിയിലെത്തിയപ്പോള്‍ സന്ധ്യയായി. സ്രാമ്പിയിലേക്ക് ഇടത്തും വലത്തും ഓരോ തുരുത്തുകളുണ്ട്. വലതു വശത്തെ തുരുത്തില്‍ ഞങ്ങളെ വരവേല്‍ക്കാന്‍ എന്നവണ്ണം നില്‍ക്കുന്ന രണ്ട് ആനകളും ഒരു ആനക്കുട്ടിയും. അഭിവാദ്യം ചെയ്യുന്ന പോലെ തുമ്പിക്കൈ ഉയര്‍ത്തിയ ആനകള്‍ ഇത്തിികുഞ്ഞനെ കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ചു പിടിക്കാനും ശ്രദ്ധിച്ചു. ആ കാഴ്ചകള്‍ നോക്കി ഏറെനേരം ഞങ്ങള്‍ നിന്നു. സ്രാമ്പിയിലേക്ക് കയറുമ്പോഴാണ് ആ കാഴ്ച ഞങ്ങള്‍ കണ്ടത്. മറുവശത്തെ തുരുത്തില്‍ അതിനേക്കാള്‍ വലിയ ഒരാനക്കൂട്ടം നില്‍ക്കുന്നു. അവരുടെ കൂട്ടത്തിലുമുണ്ട് ഒരു കുഞ്ഞനാന. ഞങ്ങളെകണ്ടതോടെ ആനക്കൂട്ടം കുഞ്ഞനെ വലംചെയ്ത് കുറേനേരം നിന്നു. ഞങ്ങളും അനങ്ങിയില്ല. പിന്നെ കുഴപ്പമില്ലെന്ന് തോന്നിയതിനാലാകാം അവര്‍ പുഴയിലേക്കിറങ്ങി ഇപ്പുറത്തു വരാന്‍ തുടങ്ങി. കുട്ടിക്കൊമ്പനെ പുഴ നീന്താന്‍ എല്ലാവരും ചേര്‍ന്ന് സഹായിക്കുന്നുണ്ട്.
തുരുത്തില്‍ തുള്ളിച്ചാടി നടന്ന കുഞ്ഞനാനയും കാവലനകളും പുഴകയറി വരുന്ന സംഘത്തെ സ്വീകരിക്കുന്ന കാഴ്ച അതീവ ഹൃദ്യമായിരുന്നു. മണത്തും തടവിയും ആശ്ലേഷിച്ചും അവര്‍ ലയിച്ചു ചേര്‍ന്നു. രണ്ട് കഞ്ഞനാനകളും കൂടിയായി പിന്നീട് കളി. ചെവിയാട്ടിയും പുല്ലുവാരി ദേഹത്തെറിഞ്ഞും അവരെ വലയം ചെയ്ത് നില്‍ക്കുന്ന ആനക്കൂട്ടം ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയായിരുന്നു. കുടുതല്‍ െചറുതായതു കൊണ്ടാകാം ആദ്യം കണ്ട കുട്ടിക്കൊമ്പനെ ആനക്കൂട്ടം പുഴകടത്തിക്കൊണ്ട് പോകാഞ്ഞത്. രണ്ട് കാവല്‍ക്കാരെ ഏല്‍പ്പിച്ച് മറ്റെല്ലാപേരും കൂടി മറുകരയിലേക്ക് പോയതാകണം.
കാട്ടില്‍ പോകുന്നതോ ആനകളെ കാണുന്നതോ ഇത് ആദ്യമല്ല. ഒറ്റയാന്‍മാരേയും കൊലയാനകളെയുമൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയടുത്ത് കാട്ടാനകളുടെ വികാര തീവ്രമായ ഒരു കുടുംബസംഗമം ഇത് ആദ്യമായിട്ടാണ് കാണുന്നത്.
സന്ധ്യ മയങ്ങുന്നതുവരെ സ്രാമ്പിയിലിരുന്ന് ഞങ്ങള്‍ ആ കാഴ്ച ആസ്വദിച്ചു. പുഴയില്‍ നിന്നും പിടിച്ചെടുത്ത മീന്‍ പൊരിച്ചതും മറ്റുമായി സുഹൃത്തുക്കള്‍ സന്ധ്യ ആഘോഷിക്കുന്നുണ്ട്. രാത്രി കാടിനെ ഗ്രസിച്ചു. ഇരുട്ട് പുഴതാണ്ടി മങ്ങള്‍ക്കിടയിലൂടെ നടന്നു വന്ന് സ്രാമ്പിയെ പൊതിഞ്ഞു. കാട്ടില്‍ വീണ ഒരു ചെറിയ നക്ഷത്രം പോലെ മുറിഞ്ഞുകത്തുന്ന ഒരു അരണ്ട മെഴുകുതിരി വെട്ടം മാത്രമുള്ള സ്രാമ്പി ഇരുട്ടില്‍ മറഞ്ഞു കിടക്കുന്നു. നിലാവും നക്ഷത്രങ്ങളും നിറഞ്ഞ മാനം മേലെ. സ്ഫടികം പോലെ തെളിഞ്ഞ നദി താഴെ. പതിയെ പതിയെ ഉറക്കം ഞങ്ങളെ ആലിംഗനം ചെയ്തു.
രാവിലെ ഒരുമാനിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് എല്ല്ാവരും ഉണര്‍ന്നത്. ചുറ്റിലും വലിയ മരത്തോപ്പുകളാണ്. കടുവകള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലപ്രകൃതി. ഒരുപക്ഷേ അടുത്തെവിടെയെങ്കിലും കടുവയുണ്ടാകും.തേക്കടിയില്‍ വന്നിട്ട് ഇതുവരെ കടുവയെ കാണാന്‍ സാധിച്ചിട്ടില്ല. എല്ലാവരും സ്രാമ്പിയില്‍ നിന്നും ചാടിയിറങ്ങി ആ ശബ്ദത്തെ പിന്‍തുടര്‍ന്നു. നടന്ന് നടന്ന് കാടിനു നടുവിലെ പഴയൊരു വാച്ച്ടവര്‍ വരെ ഞങ്ങളെത്തി. പക്ഷേ കടുവയെ കാണാന്‍ സാധിച്ചില്ല. ആ ശബ്ദവും നിലച്ചു. എങ്കിലും ആ പുലര്‍ക്കാല സവാരി ഞങ്ങളെ ഉത്സാഹഭരിതരാക്കി. ഇത്ര മനോഹരമായ പ്രഭാതം അടുത്തകാലത്തൊന്നും അനുഭവിച്ചിട്ടില്ല. വഹനങ്ങളുടെ വേഗതയില്ല, മനുഷ്യനെക്കൊല്ലുന്ന വിഷപ്പുകയില്ല, ശാന്തതയുടെ ഇത്തരം രാപ്പാര്‍പ്പുകള്‍ക്കും പുലര്‍വേളകള്‍ക്കും ശുദ്ധവായുവിനും വേണ്ടിയാണ് ഇടയ്ക്കിടയ്ക്ക് കാട്ടിലേക്കോടുന്നത്. കടുവയെ കാണാതെ നിരാശരായെങ്കിലും ഒരു ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജവും ശുദ്ധവായുവുമാണ് ആ കാട്ടുവഴി ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത്.
പ്രാതല്‍ കഴിഞ്ഞ് മുല്ലപ്പെരിയാറിലേക്ക് തിരിച്ചു. കളിയും ചിരിയുമായി വീണ്ടും ഒരു നദീയാത്ര. വഴിയും പകലും വളരുന്നതിനൊപ്പം പുഴയുടെ ആഴവും വീതിയും കുറഞ്ഞു വന്നു. വീതി തീരെക്കുറഞ്ഞ ഒരിടത്ത് പുഴയുടെ അരികിലായി നേര്‍ത്ത ഒരു വെള്ളച്ചാട്ടം. അവിടെ ഒരാനക്കൂട്ടം. ഞങ്ങള്‍ യാത്ര ചെയ്യുന്നത് സ്പീഡ് ബോട്ടിലല്ല. വേഗം കൂട്ടാനും കുറയ്ക്കാനും പെട്ടന്ന് കഴിയില്ല. നദിക്ക് ആഴം കുറവായതിനാല്‍ ഡ്രൈവര്‍ക്കും ഭയമായി. എല്ലാവരുടെയും മുഖത്ത് ആശങ്ക. ആനകള്‍ക്ക് വേണമെങ്കില്‍ ഞങ്ങളെ അനായസം ആക്രമിക്കാം. ഭയത്തിനിടയിലും യാത്ര തുടരട്ടെയെന്ന് എല്ലാവരും പറഞ്ഞു. ബോട്ട് മുന്നോട്ട് നീങ്ങി. എന്തോ ആനകള്‍ അതു ശ്രദ്ധിച്ച മട്ടുകണ്ടില്ല.
മുന്നോട്ടു നീങ്ങുംതോറും മുന്നില്‍ ഭീകരനായ ഡാം തെളിഞ്ഞു വന്നു. ബോട്ട് കരയിലടുപ്പിച്ചു. മുല്ലപ്പെരിയാറില്‍ നിന്നും ദൂരെ മലമുടയിലെ മംഗളാദേവി േക്ഷത്രത്തിലേക്ക് നീങ്ങുന്ന പാത മുന്നില്‍.ഞങ്ങളെ കൊണ്ടുപോകാന്‍ ജീപ്പു വന്നുകിടക്കുന്നുണ്ട്. ജീപ്പു മാത്രമേ ആ കയറ്റം താണ്ടുകയുള്ളു.
ആടിയും കുലുങ്ങിയും കയറ്റം കയറുന്ന ജീപ്പില്‍ അസ്ഥി നുറുങ്ങുന്ന ഒരു യാത്ര. ഒരുവശത്ത് വിശാലമായ ഡാം. മറുവശത്ത് കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പ്. അതു തമിഴ്‌നാടിന്റെ കൃഷി നിലങ്ങളാണ്. നമ്മില്‍ നിന്നും എടുക്കുന്ന ഓരോതുള്ളി വെള്ളവും അവര്‍ അവിടെ പൊന്നു വിളയിക്കാനുപയോഗിക്കുന്നു.
മംഗളാ ദേവിയെ വണങ്ങി മലയിറങ്ങുമ്പോള്‍ ഇന്നത്തെ ദിവസം ആദ്യമായി ഫോണ്‍ ചിലച്ചു. പതിവ് ജീവിത ബഹളങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം ഇവിടെ അവസാനിക്കുകയാണ്. പ്രകൃതി നമുക്ക് വേണ്ടി കാത്തു വച്ചിരിക്കുന്ന ചില നിധികളുണ്ട്. അതില്‍ ചിലതാണ് ഈ മുല്ലക്കുടിയും മംഗളാദേവിയുമൊക്കെ. തിരിച്ചുള്ള യാത്രയില്‍ എപ്പോഴും ഉത്സാഹം കുറവായിരിക്കും. പക്ഷേ എന്തോ, കണ്ടതിനേക്കാള്‍ മനസ്സില്‍ ഓര്‍ക്കുവാന്‍ അധികമുള്ളതാണോ അതോ ഇനിയുമൊരു യാത്രയ്ക്ക് പ്രതീക്ഷയുള്ളതുകൊണ്ടാണോ എനിക്കാ മടുപ്പ് തോന്നുന്നില്ല.