വിളപ്പില്‍ശാലയില്‍ അനിശ്ചിതകാല ഹര്‍ത്താല്‍ ആരംഭിച്ചു

single-img
15 October 2012

വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണ ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതി വിളപ്പില്‍ പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല ഹര്‍ത്താല്‍ ആരംഭിച്ചു. വിളപ്പില്‍ പഞ്ചായത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. പ്രധാന റോഡുകള്‍ സമരാനുകൂലികള്‍ കല്ലുകളും തടികളും കൊണ്ട് ഉപരോധിച്ചിട്ടുണ്ട്. പലഭാഗങ്ങളിലും ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തിവിടാതെ സമരസമിതി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുണ്ട്. പേയാട്, കുണ്ടമണ്‍കടവ്, പുളിയറക്കോണം എന്നിവിടങ്ങളിലെ റോഡുകള്‍ സമരസമിതി പ്രവര്‍ത്തകര്‍ കല്ലുകളും തടികളും ഉപയോഗിച്ച് ഉപരോധിച്ചത് ഏറെ നേരം മാര്‍ഗ തടസം സൃഷ്ടിച്ചിരുന്നു. പിന്നീട് പോലീസെത്തി ഇവ നീക്കം ചെയ്‌തെങ്കിലും പിന്നെയും സമരസമിതി പ്രവര്‍ത്തകര്‍ മാര്‍ഗം തടസം സൃഷ്ടിച്ചു. വിളപ്പില്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്. രാവിലെ പത്തോടെ ഓഫീസുകള്‍ തുറക്കാനെത്തിയ ജീവനക്കാരെ സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞു വച്ചു. പിന്നീട് പോലീസെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്.